കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.എസ്. പ്രദീപിന്റെ നിയമനം സാധുവാണ് എന്ന് കണ്ടെത്തി സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി.
കോയമ്പത്തൂര്‍ സ്വദേശി ഡോ. പ്രിയദര്‍ശിനി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്. ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.എസ്. പ്രദീപിന്റെ നിയമനം മാനദണ്ഡം മറികടന്ന് കൊണ്ടാണോ എന്നും മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടോ എന്നും വീണ്ടും പരിശോധിക്കാന്‍ സര്‍വകലാശാലയ്ക്ക് കോടതി നിര്‍ദേശം നല്കി. നിയമന മാനങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രായപരിധി പ്രദീപിന്റെ നിയമനത്തില്‍ മറികടന്നുവെന്നും മതിയായ വിദ്യാഭ്യാസ യോഗ്യത പ്രദീപിനില്ലാ എന്നുമാണ് ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
പ്രദീപിന്റെ നിയമനം ഹൈക്കോടതി 2022 ജൂണില്‍ മരവിപ്പിച്ച് പുനഃപരിശോധനയ്ക്ക് ഉത്തരവ് നല്‍കിയിരുന്നു. സര്‍വകലാശാല നിയമനം പുനഃപരിശോധിക്കാനായി ഡോ. എ.കെ. മോഹന്‍ ചെയര്‍മാനായി സമിതി രൂപീകരിക്കുകയും ചെയ്തു. ഈ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എന്ന സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമനം ശരിവച്ച് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഈ ഉത്തരവ് ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും സര്‍വകലാശാലയുടെ ഉത്തരവ് 2023 ജനുവരിയില്‍ വീണ്ടും കോടതി റദ്ദാക്കുകയും ചെയ്തു. കോടതിയുടെ ആദ്യ ഉത്തരവില്‍, മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നല്കിയ നിര്‍ദേശം പാലിച്ചിട്ടില്ല എന്ന് വിലയിരുത്തി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് വീണ്ടും പരിശോധിക്കാന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്കി.
നിയമനത്തിനുള്ള പ്രായപരിധി 50 വയസ് എന്നായിരിക്കെ വി.എസ്. പ്രദീപിന് നിയമന സമയത്ത് 52 വയസുണ്ടായിരുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്ദര ബിരുദം എന്ന വിദ്യാഭാസ യോഗ്യത വേണമെന്നിരിക്കെ യുജിസി അംഗീകൃത ബിരുദാനന്തര ബിരുദം പ്രദീപിന് ഉണ്ടായിന്നില്ല. ആയതിനാല്‍ മതിയായ പ്രവൃത്തിപരിചയം അവകാശപ്പെടാന്‍ കഴിയില്ലെന്നായിരുന്നു കേസിനാസ്പദമായ വിഷയം.
പ്രദീപിന് യുജിസി അംഗീകൃത ബിരുദാനന്തര ബിരുദം ഉണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി. പ്രായപരിധിക്കുള്ള ഇളവ് ലഭിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് കോടതി മുന്‍പ് കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കോടതി മൂന്നാമതും 20 നിയമനം പുനഃപരിശോധിക്കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: