യാമാസൂക്രോ: അധികസയമത്ത് നേടിയ ഗോളില്‍ ആതിഥേയരായ ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോളില്‍ സെമിയിലേക്ക് കുതിച്ചു. കെയ്പ് വെര്‍ദെയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും ക്വാര്‍ട്ടര്‍ കടന്നു.
മാലിയുമായി നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഐവറി കോസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്. റെഗുലര്‍ ടൈം മത്സരം ഓരോ ഗോള്‍ സമനിലയില്‍ കലാശിച്ചു.
43-ാം മിനിറ്റ് മുതല്‍ മാലി പത്ത് പേരായി ചുരുങ്ങി. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞു. ആതിഥേയരുടെ കരുത്തിനെതിരെ പത്ത് പേരുമായി പൊരുതിയ മാലിയാണ് 71-ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോള്‍ നേടിയത്. 90-ാം മിനിറ്റിലായിരുന്നു ആവേശകരമായി ഐവറി കോസ്റ്റ് തിരിച്ചടിച്ച് കളി അധികസമയത്തിലേക്ക് കൊണ്ടുപോയത്. കലുഷിതമായ പോരാട്ടത്തിന്റെ അധിക സമയ മത്സരം 120+5 മിനിറ്റ് വരെ നീണ്ടു.122-ാം മിനിറ്റില്‍ ഐവറി കോസ്റ്റിനായി ഔമര്‍ ഡയാക്തെ വിജയഗോള്‍ നേടി. തൊട്ടടുത്ത മിനിറ്റില്‍ താരം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തേക്കു പോയി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ മാലി നിരയില്‍ നിന്ന് മറ്റൊരു താരം കൂടി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക് പോയി. സെമിയില്‍ ഡി ആര് കോംഗോ ആണ് ഐവറി കോസ്റ്റിന്റെ എതിരാളി.
ടൂര്‍ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക കരകയറിയത് ഗോള്‍ കീപ്പര്‍ റോന്‍വെന്‍ വില്ല്യംസിന്റെ മികവിലാണ്. കെയ്പ് വെര്‍ദെ താരങ്ങളെടുത്ത് നാല് കിക്കുകളാണ് താരം തടുത്തത്. ഷൂട്ടൗട്ടില്‍ 2-1നായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
നേരത്തെ നിശ്ചിത റെഗുലര്‍ ടൈം മത്സരവും അധികസമയവും ഗോള്‍ രഹിതമായി പിരിഞ്ഞതിനെ തുടര്‍ന്നാണ് ഫലം നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.
കളിയിലുടനീളം ദക്ഷിണാഫ്രിക്ക മികച്ച പോരാട്ടമാണ് കാഴ്ച്ചവച്ചത്. പക്ഷെ ഫിനിഷിങ്ങിലെ പോരായ്മ ടീമിനെ ഗോളില്‍ നിന്നും അകറ്റിനിര്‍ത്തുകയായിരുന്നു. സെമിയില്‍ കരുത്തരായ നൈജീരിയ ആണ് ഇവരുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: