ന്യൂദൽഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട ഭാരതീയ എംബസി ഉദ്യോഗസ്ഥൻ പിടിയിൽ. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മോസ്‌കോയിലെ ഭാരത എംബസിയിൽ ജോലി ചെയ്യുന്ന സതേന്ദ്ര സിവാളിനെയാണ് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.
പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സൈന്യം എന്നിവ സംയുക്തമായി ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഹാപൂർ ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്മഹിയുദ്ദീൻപൂർ ഗ്രാമവാസിയായ ജയ്വീർ സിങ്ങിന്റെ മകനാണ് സതേന്ദ്ര സിവാൾ. വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സിവാൾ ഇപ്പോൾ റഷ്യയിലെ മോസ്‌കോയിലെ ഭാരത എംബസിയിലാണ് ജോലി ചെയ്യുന്നത്.
ഐഎസ്ഐ ചാരൻമാരുടെ ശൃംഖലയ്‌ക്കൊപ്പം സിവാൾ ഭാരത വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, എന്നിവയുടെ തന്ത്രപരമായ പ്രവർത്തനങ്ങളെക്കുറിച്ച് സുപ്രധാനമായ രഹസ്യവിവരങ്ങൾ നൽകുന്നുവെന്നും സാങ്കേതിക നിരീക്ഷണത്തിലൂടെ എടിഎസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സിവാളിനെ എടിഎസ് ഫീൽഡ് യൂണിറ്റ് മീററ്റിലേക്ക് വിളിച്ചുവരുത്തി നിയമപ്രകാരം ചോദ്യം ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ വ്യക്തമായ ഉത്തരം നൽകാൻ അയാൾക്ക് കഴിഞ്ഞില്ല, എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്.
2021 മുതൽ റഷ്യയിലെ മോസ്കോയിലെ ഭാരതത്തിന്റെ എംബസിയിൽ ഐബിഎസ്എ (ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റൻ്റ്) ആയി ജോലി ചെയ്യുന്ന സിവാളിനെതിരെ ഐപിസി സെക്ഷൻ 121 എ പ്രകാരം ലഖ്‌നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭാരതത്തിന്റെ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപരമായ സുപ്രധാന വിവരങ്ങൾ ലഭിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ വക്താക്കൾ മുഖേന വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ പണം നൽകി പ്രലോഭിപ്പിക്കുന്നതായി വിവിധ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഭാരതത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്‌ക്ക് വലിയ ഭീഷണി ഉയർത്തുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: