കോഴിക്കോട്: പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭാരതീയ ആദ്ധ്യാത്മിക ജ്ഞാനത്തെ പരിവര്‍ത്തിപ്പിക്കുകയും ഭാരതീയ വിചാരത്തിന്റെയും ദൃഷ്ടിയുടെയും അടിസ്ഥാനത്തില്‍ ആഗോള സമസ്യകള്‍ തിരിച്ചറിഞ്ഞ് ലോകത്തെ ശ്രേഷ്ഠമാക്കുകയെന്ന ദൗത്യമാണ് ഭാരതത്തിന് നിര്‍യവഹിക്കാനുള്ളതെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതല്ല നവോത്ഥാനം. ധര്‍മത്തിന്റെ തകര്‍ച്ചയുണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ഭാരതത്തില്‍ നവോത്ഥാനമുണ്ടാകുന്നു. തനത് അധ്യാത്മിക ജ്ഞാനത്തിന്റെ വീണ്ടെടുപ്പാണ് നവോത്ഥാനം. ഭാരതം പൂര്‍വ്വകാല അധ്യാത്മിക ചൈതന്യത്തെ വീണ്ടെടുക്കുന്നതാണ് ഇന്ന് ഭാരതത്തില്‍ കാണുന്നത്. ലോകത്തെ നയിക്കാന്‍ ഭാരതം പ്രാപ്തമായി. ഭാരതം ലോകത്തിന് മുന്നില്‍ വിദ്യാഭ്യാസ ഹബ്ബായി മാറി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഭാരതത്തിലേക്ക് പഠനത്തിനായി വരുന്നു. ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം മാറി. ഭാരതത്തിന്റെ മഹത്തായ ജ്ഞാനപാര്യമ്പര്യത്തിന്റെ ഉറച്ച അടിത്തറയാണ് മോദിയുടെ ഗ്യാരന്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരതത്തിലേക്ക് കടന്ന്‌വന്ന അക്രമികള്‍ അറിവിന്റെ ശത്രുക്കളായതു കൊണ്ടാണ് പൗരാണിക സര്‍വകലാശാലകളും തക്ഷശിലയും, നളന്ദയും തകര്‍ത്തത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതോടെ ഭാരതം ആനന്ദത്തിലാണ് ജീവിക്കുന്നത്. 496 വര്‍ഷത്തെ കഠിന തപസിലൂടെയാണ് അത് നേടിയത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വ്വമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് കൈവരിക്കാന്‍ കഴിയാത്ത നേട്ടങ്ങളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിലുണ്ടായത്. ലോകരാജ്യങ്ങള്‍ക്ക് മരുന്ന്, ഭക്ഷണം, സമുദ്രവാണിജ്യം എന്നിവ കയറ്റുമതി ചെയ്ത് ഭാരതം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഭാരതമാതാവിന് ജയ് വിളിക്കുന്നത് രാഷ്‌ട്രീയ മുദ്രാവാക്യമാണ് എന്ന പൊതുബോധമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത.് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഹരീഷ് കടയപ്രത്ത് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: