ബെംഗളൂരു: കാല്‍നൂറ്റാണ്ടിനു ശേഷം ശ്രീകൃഷ്ണനായി വീണ്ടും വേദിയില്‍ അവതരിച്ച് നിതീഷ് ഭരദ്വാജ്. സംസ്കാര്‍ ഭാരതിയുടെ അഖിലഭാരതീയ കലാസാധക സംഗമത്തില്‍ കൃഷ്ണ കഹേ എന്ന ചെറുനാടകത്തിലാണ് നിതീഷ് ശ്രീകൃഷ്ണനായത്.
1988ലാണ്, ബി.ആര്. ചോപ്ര സംവിധാനം ചെയ്ത് നിര്‍മിച്ച മഹാഭാരതം ടി വി സീരിയലിലൂടെ ശ്രീകൃഷ്ണനായി നിതീഷ് ജനകോടികളുടെ കണ്ണിലുണ്ണിയായത്. കാല് നൂറ്റാണ്ടിനിടെ നിതീഷ് ബിജെപിയുടെ പാര്‍ലമെന്റംഗം വരെയായി. ഇപ്പോള്‍ സംസ്കാര്‍ ഭാരതിയുടെ ദേശീയ ഉപാദ്ധ്യക്ഷനാണ്.
ബെംഗളൂരുവില്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ കേന്ദ്രത്തിലാണ് കലാസാധക സംഗമം. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2500 കലാകാരന്മാര് കലാപ്രകടനങ്ങള്‍ നടത്തുന്ന വേദിയിലാണ് കൃഷ്ണ കഹേ പ്രദര്‍ശിപ്പിച്ചത്.
സാമൂഹിക സമരസത എന്ന വിഷയത്തിലാണ് എല്ലാ കലാ പ്രകടനങ്ങളും. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂജാരി ദര്‍ശനത്തിനെത്തുന്ന സമൂഹത്തിലെ വിവിധതരം ജനങ്ങളെ പല കാരണങ്ങള്‍ പറഞ്ഞു വിലക്കുമ്പോള്‍ ശ്രീകൃഷ്ണന് അവര്‍ക്ക് ദര്‍ശനം നല്കി ഉപദേശങ്ങള്‍ നല്‍കുന്നതാണ് നാടകം. ജാതി-വര്‍ണ-വിവേചനങ്ങള്‍ അസംബന്ധവും ഈശ്വരനിന്ദയുമാണെന്നും സ്ഥാപിക്കുകയാണ് നാടകം.
കാല് നൂറ്റാണ്ടിനുശേഷവും ശ്രീകൃഷ്ണനായി മഹാഭാരതത്തിലൂടെ പ്രദര്‍ശിപ്പിച്ച അഭിനയ വൈഭവവും വശ്യതയും നിതീഷ് ആവര്‍ത്തിച്ചു. അംഗചലനങ്ങളിലും ഭാവാഭിനയത്തിലും മഹാഭാരത കൃഷ്ണനായി നിതീഷ് ഭരദ്വാജ് നിറഞ്ഞുനിന്നു. രാമായണ-ശ്രീരാമ കഥകള്‍ നിറഞ്ഞ കലാപ്രകടനങ്ങളില്‍ നിന്ന് നിതീഷിന്റെ ശ്രീകൃഷ്ണ വേഷത്തിലൂടെ മറ്റൊരു ദിശയിലേക്കുള്ള ചുവടുവയ്പ്പുകൂടിയായി അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: