ഹിമാലയ യാത്രാ സ്മരണകള്‍ എന്ന ഗ്രന്ഥത്തിന്റെ ആദ്യ പുറങ്ങളിലൊന്നില്‍ ഇങ്ങനെ വായിക്കാം: എല്ലാ തീര്‍ത്ഥയാത്രകളും ഈശ്വരാന്വേഷണമാകണം. ചിത്തശുദ്ധിക്കുതകുന്ന സാധനകളാകണം. പ്രകൃതിയേയും ജീവജാലങ്ങളേയും അറിയുന്ന യാത്രകളാവണം. തന്നറിവിലേക്കുള്ള പ്രാര്‍ത്ഥനകളാവണം. സി.എ. ശശിധരന്‍ നായര്‍ എന്ന ഗ്രന്ഥകാരന്റെ വാക്കുകളാണിവ.
പ്രകൃതിയെന്ന, പ്രപഞ്ചമെന്ന മഹാവിസ്മയത്തിനു മുന്‍പില്‍ അഹങ്കാരം എരിഞ്ഞടങ്ങുന്നതു മാത്രമല്ല, താനും ആ സമഷ്ടിയുടെ ഒരംശമാണെന്ന ആത്മജ്ഞാനം തെളിഞ്ഞുകത്തുന്നതുകൂടിയാണ് യാത്രകള്‍.
ഭാരതീയ സംസ്‌കാരത്തില്‍ ഹിമാലയനിരകള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ടല്ലോ. ഇതിഹാസങ്ങളിലും ഹിമവാന് സവിശേഷ വ്യക്തിത്വം തന്നെയാണ് നല്‍കപ്പെട്ടിട്ടുള്ളത്. എണ്ണമറ്റ യാഗങ്ങളുടെയും യുദ്ധങ്ങളുടെയും തപസ്സാധനകളുടെയും മോക്ഷപ്രാപ്തികളുടേയും രംഗവേദിയായിരുന്നു ഈ പര്‍വത പാര്‍ശ്വങ്ങളും താഴ്‌വരകളും. നഗാധിരാജന്‍ എന്ന് കാളിദാസന്‍ വിശേഷിപ്പിച്ച ഈ വിശ്രുത ഗിരിനിരകളെ അത്ഭുതത്തോടെയും അതിലേറെ ആദരവോടെയും മാത്രമേ ഒരു ഭാരതീയന് നോക്കിക്കാണുവാന്‍ കഴിയുകയുള്ളൂ.
2500 കിലോമീറ്റര്‍ നീളത്തില്‍ 100 മുതല്‍ 400 കിലോമീറ്റര്‍ വരെ വീതിയില്‍ നെടുംകോട്ടയായി ഭാരതഖണ്ഡത്തെ സംരക്ഷിച്ചുപോരുന്ന, നമ്മുടെ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും വരെ നിയന്ത്രിക്കുന്ന, ദേവദത്തമായ ആ അനുഗ്രഹത്തെ അടുത്തുകാണുവാനുള്ള ആഗ്രഹം ഏതൊരു ഭാരതീയനും സഹജമാണ്, സ്വാഭാവികമാണ്.
മിതശീതോഷ്ണ കാലാവസ്ഥയില്‍ കഴിയുന്ന മലയാളിക്ക് ഹിമവും തണുപ്പും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അത്തരം കൗതുകയാത്രകള്‍ ചിലര്‍ക്കൊക്കെ വിനോദജ്ഞാന യാത്രകളായി വഴിമാറാറുണ്ട്. അറിവിനായുള്ള ദാഹം വര്‍ധിച്ച് ജിജ്ഞാസുവാകുന്നതോടെ യാത്രകള്‍ പൂര്‍ണമായും പഠന-വിജ്ഞാന യാത്രയായി മാറും. ഈ ഗ്രന്ഥകാരന്‍ അത്തരം പഠനയാത്രകള്‍ നടത്തുന്ന സവിശേഷ വ്യക്തിത്വത്തിനുടമയാണ്.
അടുത്തകാലത്ത് ‘ഹിമാലയ യാത്രാ സാഹിത്യം’ഒരു സാഹിത്യശാഖയായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഹോട്ടല്‍ മുറികളുടെയും ഭക്ഷണത്തിന്റെയും സ്വയം പുകഴ്‌ത്തലുകളുടെയും ശാഖകൂടിയാണിത്. ഇവിടെയാണ് ശശിധരന്‍ നായരുടെ യാത്രാസ്മരണകള്‍ വ്യത്യസ്തമാകുന്നതും മൂല്യവത്താകുന്നതും.
ദേവഭൂമിയിലേക്കുള്ള തീര്‍ത്ഥാടനമായി പുരോഗമിക്കുന്ന യാത്രയുടെ ആദ്യ ഘട്ടത്തില്‍ തന്നെ, ചരിത്രാതീതകാലത്ത് പര്‍വതങ്ങള്‍ പിറവികൊള്ളുന്ന പ്രതിഭാസമായ ‘പര്‍വ്വതന’ത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആഗോളതാപനം ഹിമാലയത്തിന് എങ്ങനെ വെല്ലുവിളിയാകുന്നുവെന്നും ലളിതമായ ഭാഷയില്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്.
ഭഗവദ്ഗീതാകാരന്റെ ജന്മദേശമായ മഥുരയെയും വൃന്ദാവനേക്കുറിച്ചുമൊക്കെയുള്ള വിവരണം നിറഞ്ഞ കണ്ണുകള്‍കൊണ്ടു മാത്രമേ വായിച്ചുപോകാനാവൂ. സമതലങ്ങളിലൂടെയുള്ള യാത്ര ശിവാലിക് കുന്നുകളിലേക്കും ഹിമാലയ പാര്‍ശ്വങ്ങളിലേക്കും തുടരുമ്പോള്‍ വായനക്കാര്‍ക്ക് അതൊരു മനോഹരദൃശ്യവിരുന്നാണ്. സ്ഥലപുണ്യവും തീര്‍ത്ഥപുണ്യവും ഒരുമിക്കുന്ന യമുനോത്രി, ഗംഗോത്രി, ബദരീനാഥ്, കേദാര്‍നാഥ് തുടങ്ങിയ പുണ്യധാമങ്ങളുടെ സ്വര്‍ഗ്ഗഭൂമിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന എഴുത്തുകാരന്‍ പകര്‍ന്നുതരുന്ന അനുഭൂതി അവാച്യമാണ്, അനുഭൂതിദായകമാണ്. യാത്രാവേളയിലൊരിക്കല്‍ തന്റെയുള്ളിലെ പച്ചമനുഷ്യന്‍ അനുഭവിച്ച നോവും നൊമ്പരവും തുറന്നുപറയാന്‍ മടികാണിക്കാത്ത ചില സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. തളര്‍ന്ന് അവശയായ കുതിരയോട് യാത്രികനെന്ന നിലയിലും, മറ്റൊരു കുതിരയുടെ അപമൃത്യു വേളയിലും ഗ്രന്ഥകാരന്റെ കരുണയും ആര്‍ദ്രതയും സഹജീവി സ്‌നേഹവും വ്യക്തമാകുമ്പോള്‍ നമ്മുടെ കണ്ണുകളും സജലങ്ങളാകും. ഉള്ളിലെവിടെയോ ഒരു മുള്‍മുന ആഴ്ന്നിറങ്ങും.
ബദരിനാഥത്തിനു വടക്ക് പനയോല അടുക്കുകളെ ഓര്‍മിപ്പിക്കുന്ന ശിലാപാളികളുടെ ചുവട്ടിലെ വ്യാസഗുഹയും, തെല്ലു താഴെയായുള്ള ഗണപതി ഗുഹയും, സമീപത്തുകൂടി കേശവപ്രയാഗയിലേക്ക് ഒഴുകി അന്തര്‍ധാനം ചെയ്യാനൊരുങ്ങുന്ന സരസ്വതി നദിയെയുമൊക്കെ മഹാഭാരതപ്പിറവിയോട് ചേര്‍ത്തുവച്ച് ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു.
ഇതിഹാസപ്പിറവിക്ക് സാക്ഷ്യംവഹിച്ച ‘മാനാ’എന്ന സര്‍ഗഭൂവിലൂടെ നമ്മെ നയിക്കുമ്പോള്‍ത്തന്നെ ആചാര്യ ശങ്കരഭഗവദ്പാദരുടെ അദൈ്വത സിദ്ധാന്തവും ഉപനിഷത് സന്ദേശങ്ങളുമൊക്കെ ലളിതമായി അനായാസേന ഗ്രഹിക്കുവാന്‍ തക്കവണ്ണം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ദേവഭൂമിയിലൂടെയുള്ള യാത്രയില്‍ വേദങ്ങളും സംഹിതകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുക്കളുമൊക്കെ പരാമര്‍ശിച്ചിട്ടുള്ളത് ഔചിത്യപൂര്‍ണമായിത്തന്നെയാണ്. ധര്‍മാധര്‍മങ്ങളുടെ സംവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ മഹാഭാരതത്തിലൂടെ വ്യാസഭഗവാന്‍ ഉല്‍ഘോഷിച്ച ധര്‍മത്തെ അയത്‌നലളിതമായ ഉദ്ധരണികളിലൂടെ മനസ്സിലാക്കിത്തരുവാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.
മറ്റു പല യാത്രാവിവരണങ്ങളെപ്പോലെ ആവര്‍ത്തനവിരസങ്ങളായ വര്‍ണനകളോ സ്വയം പുകഴ്‌ത്തലുകളോ ഒരിടത്തുമില്ല. പൗരാണിക ഭാരതത്തിലെ മോക്ഷപ്രാപ്തിയരുളുന്ന പുണ്യനഗരമായ ഹരിദ്വാറിലെ കുംഭമേളയെക്കുറിച്ച് വ്യക്തമായ അറിവുതരാന്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
അക്ഷരങ്ങളെ സ്‌നേഹിക്കുന്ന അറിവിനെ ആദരിക്കുന്ന ജിജ്ഞാസുക്കള്‍ക്ക്, ഹിമാലയം സന്ദര്‍ശിച്ചവര്‍ക്ക്, സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഈ യാത്രാസ്മരണകള്‍ പൂര്‍ണമായ തൃപ്തി നല്‍കുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: