ബെംഗളൂരു: രാജ്യത്ത് ആദ്യമായി ആനയ്ക്ക് നാണയങ്ങള്‍ കൊണ്ട് തുലാഭാരം നടത്താന്‍ വേണ്ടിവന്നത് 73 ലക്ഷം രൂപ. കര്‍ണാടക ഹുബ്ബള്ളി നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ഷിരഹട്ടി ഫകിരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയ്ക്ക് തുലാഭാരം നടത്തിയത്. മഠാധിപതി ഫകിര്‍ സിദ്ധരാം മഹാസ്വാമിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അപൂര്‍വചടങ്ങ്. ചമ്പികയുടെ മഠത്തിലെ സേവനത്തിന്റെ 60-ാം വാര്‍ഷികാഘോഷം കൂടിയായിരുന്നു.
പ്രത്യേകം തയാറാക്കിയ പടുകൂറ്റന്‍ തുലാസിലാണ് തുലാഭാരം നടത്തിയത്. തുലാസിന്റെ ഒരു തട്ടില്‍ നെറ്റിപ്പട്ടംകെട്ടി അണിയിച്ചൊരുക്കിയ ആനയെ നിര്‍ത്തി. ആനപ്പുറത്ത് തേക്കുകൊണ്ടുണ്ടാക്കിയ 200 കിലോഗ്രാം തൂക്കമുള്ള അംബാരിയും അതിനകത്ത് മഠാധിപതിയും ആനപ്പുറത്ത് പാപ്പാനുമുണ്ടായിരുന്നു. മഠാധിപതി സ്വര്‍ണം പൂശിയ ഹൗഡയിലാണ് (ആനയുടെ പുറത്ത് ഇരിക്കാന്‍ രൂപകല്പന ചെയ്ത പല്ലക്ക്) ഇരുന്നത്.
മറുതട്ടില്‍ നാണയത്തുട്ടുകളുടെ ചാക്കുകെട്ട് അടുക്കിവച്ചു. 5555 കിലോഗ്രാം നാണയങ്ങളാണ് ആന നിന്ന തട്ടിനൊപ്പമാകാന്‍ വേണ്ടിവന്നത്. 376 ചാക്കുകളിലായി 73,40,000 രൂപയുടെ നാണയങ്ങളാണ് ആനയ്ക്കൊപ്പം തൂക്കിയത്. 44 അടി നീളവും 20 അടി വീതിയും 30 അടി ഉയരവുമുള്ള ഇരുമ്പിന്റെ തുലാസാണ് തുലാഭാരത്തിന് തയാറാക്കിയത്. 20 ലക്ഷം രൂപ തുലാസ് നിര്‍മിക്കാനായി ചെലവുവന്നു. തുലാഭാരത്തിനുള്ള നാണയങ്ങള്‍ എസ്ബിഐയില്‍ നിന്നാണ് ശേഖരിച്ചത്. ഈ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കുമെന്ന് മഠാധിപതി പറഞ്ഞു.
16 ടണ്‍ പരമ്പരാഗത തൂക്ക യന്ത്രങ്ങള്‍ രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമായി 20 ദിവസത്തേക്ക് 60 പേരെയാണ് വിന്യസിച്ചത്. ഫെബ്രു. ഒന്നിന് നാല് ആനകള്‍, അഞ്ച് കുതിരകള്‍, രണ്ട് ഒട്ടകങ്ങള്‍, നൂറുകണക്കിന് ഭക്തര്‍ എന്നിവരുടെ അകമ്പടിയോടെ ഹൗഡയും വെള്ളി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചമ്പിക ആനയുടെ മഹത്തായ അംബാരി ഉത്സവം നഗരത്തില്‍ നടന്നു. മൂരുസാവീര് മഠത്തില്‍ നിന്നാരംഭിക്കുന്ന ജാഥ ദാജിബാന് പേട്ട്, കിറ്റൂര്‍ ചെന്നമ്മ സര്‍ക്കിള്‍ വഴി നെഹ്റു ഗ്രൗണ്ടിലാണ് സമാപിച്ചത്.
മന്ത്രിമാരായ എച്ച്.കെ. പാട്ടീല്‍, എം.ബി. പാട്ടീല്‍, ഈശ്വര്‍ ഖന്ദ്രെ, മുന്‍ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാര്‍, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ചെയര്മാന് ബസവരാജ് ഹൊരട്ടി, ബിജെപി സംസ്ഥാന ഘടകം പ്രസിഡന്റ് ബി. വൈ. വിജയേന്ദ്ര, എംഎല്‍എമാരായ മഹേഷ് തെങ്ങിനകായി, അരവിന്ദ് ബെല്ലാഡ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: