മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ ) മലൈക്കോട്ടൈ വാലിബനിൽ ചമതകൻ എന്ന കഥാപാത്രമായി എത്തിയത് ഡാനിഷ് സേഠ് ആണ്. ചിത്രത്തിൽ താരത്തിന്റെ കഥാപാത്രത്തിന് പ്രശംസ ലഭിക്കുകയും ചെയ്തു. വാലിബനുമായി പന്തയത്തിൽ തോറ്റ ചമതകന് തന്റെ പകുതി മുടിയും മീശയും വടിച്ചു കളയേണ്ടി വരുന്നുണ്ട്. ഇതേ തുടര്‍ന്നു ചമതകൻ പ്രതികാരദാഹിയായി മാറുന്നു. ഗംഭീര പ്രകടനമാണ് ഡാനിഷ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. സ്വന്തം ശബ്ദമാണ് സിനിമയ്‌ക്കായി താരം നൽകിയതും.
ഇപ്പോഴിതാ ‘മലൈക്കോട്ടൈ വാലിബനു’ വേണ്ടി പകുതി വടിച്ച മുടിയും മീശയുമായി രണ്ട് മാസം ജീവിച്ചെന്ന് പറയുകയാണ് ഡാനിഷ് സേഠ്. ഇതേ ലുക്കിലുള്ള ചിത്രം പങ്കുവച്ചായിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്. രണ്ടു മാസമാണ് ഇത്തരത്തിൽ പകുതി മുടിയും മീശയുമായി ചെലവഴിക്കേണ്ടി വന്നതെന്നും ഭാര്യ അന്യ ആ സമയത്ത് വലിയ പിന്തുണയായിരുന്നു നൽകിയതെന്നും ചിത്രം പങ്കുവച്ചുകൊണ്ട് ഡാനിഷ് സേഠ് കുറിച്ചു.
‘‘മലൈക്കോട്ടൈ വാലിബനു വേണ്ടി പാതി ഷേവ് ചെയ്ത ദിവസങ്ങൾ. 2 മാസമാണ് ഇങ്ങനെ ചിലവഴിച്ചത്. അന്യ ആസമയങ്ങളിൽ നൽകിയ പിന്തുണ വളരെ വലുതായിരുന്നു.’’
ഹാസ്യനടനും ടെലിവിഷൻ അവതാരകനുമായ ഡാനിഷ് കന്നഡ താരമാണ്. റേഡിയോ ജോക്കിയായാണ് ഡാനിഷ് തന്റെ കരിയർ ആരംഭിച്ചത്. ഫ്രഞ്ച് ബിരിയാണി, സോൾഡ്, 777 ചാർളി തുടങ്ങിയ ചിത്രങ്ങളിൽ ഡാനിഷ് സേഠ് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: