കൊച്ചി: ക്യാൻസറിനെ പൊരുതിത്തോൽപ്പിച്ചിട്ടും പലവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടിലൂടെയാണ് രോഗത്തെ അതിജീവിച്ചവർ കടന്നുപോകുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ വിദേശരാഷ്‌ട്രങ്ങളിൽ പ്രത്യേകം സംയോജിത ചികിത്സാമാർഗ്ഗങ്ങൾ നിലവിലുണ്ട്. അത്തരത്തിൽ ക്യാൻസർ മഹാമാരി അതിജീവിച്ചവരുടെ മൊത്തത്തിലുള്ള ക്ഷേമം ലക്ഷ്യമിട്ട് കേരളത്തിലാദ്യമായി കൊച്ചി അമൃത ഹോസ്പിറ്റൽ ‘അമൃതജീവനം’ എന്ന പേരിൽ ക്യാൻസർ വെൽനസ് പ്രോഗ്രാമിന് തുടക്കമിടുന്നു. ക്യാൻസർ ചികിത്സ പൂർത്തിയാക്കിയതിന് ശേഷമുള്ള ശാരീരികവും മാനസികവും വൈകാരികവും ക്ഷേമം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചികിത്സയുടെ പാർശ്വഫലങ്ങൾ നേരിടാനും ചികിത്സയ്‌ക്ക് ശേഷം ആരോഗ്യകരമായ ജീവിതശൈലി നിലനിറുത്തുന്നതിനുമുള്ള പിന്തുണ ലഭ്യമാക്കുകയാണ് അമൃതജീവനം പദ്ധതിയിലൂടെ. ലോക ക്യാൻസർ ദിനമായ ഫെബ്രുവരി നാലിന് അമൃതേശ്വരി ഹാളിൽ ചലച്ചിത്രതാരം സംയുക്ത മേനോൻ പദ്ധതിയുടെ ഉദ്ഘാടനം നർവഹിക്കും.
ചികിത്സയിൽ നിന്ന് അതിജീവനത്തിലേക്കും രോഗമുക്തിയിലേക്കും കടക്കുമ്പോൾ അഭിമുഖീകരിച്ചേക്കാവുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉപാധികളും അറിവും പിന്തുണയും ഓരോ വ്യക്തിക്കും പ്രത്യേകമായി അമൃതജീവനത്തിലൂടെ നൽകും. ക്യാൻസറിന് ശേഷം ഉണ്ടായേക്കാവുന്ന വിഷാദം, ആശങ്ക, ഭയം തുടങ്ങിയ പരിഹരിക്കാൻ സൈക്കോ ഓങ്കോളജി, ഹൃദയസംരക്ഷണം ഉറപ്പുവരുത്താൻ കാർഡിയോ ഓങ്കോളജി, വൃക്കയുടെ സംരക്ഷണത്തിനായി ഓങ്കോ നെഫ്രോളജി, ചികിത്സയുടെ ഭാഗമായി ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിഹരിക്കാൻ ഡെർമറ്റോളജി ആൻഡ് സ്കിൻ കെയർ, കൈകാലുകളെ ബാധിക്കുന്ന വീക്കങ്ങൾക്ക് പരിഹാരമായി ലിംഫെഡെമ കെയർ എന്നിവ അതിജീവനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ക്യാൻസർ ചികിത്സയ്‌ക്ക് ശേഷം ആഹാരം വിഴുങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കായി സ്വാളോയിംഗ് തെറാപ്പി, കഴിക്കേണ്ടുന്ന പോഷകാഹാരങ്ങളെക്കുറിച്ചുള്ള അറിവ്, വേദന നിയന്ത്രിക്കാൻ പാലിയേറ്റീവ് കെയർ ആൻഡ് പെയിൻ മാനേജ്മെൻ്റ്, പുനരധിവാസവും വ്യായാമവും, പുകയില ഉപേക്ഷിക്കാൻ സഹായിക്കൽ എന്നിവയും പദ്ധതിയിലൂടെ ക്യാൻസറിനെതിരെ പോരാടിയവർക്കായി നൽകും. കൂടാതെ, ചെറുപ്രായത്തിൽ ക്യാൻസർ ചികിത്സ തേടിയതിന്റെ ഭാഗമായി വന്ധ്യത വരാനുള്ള സാധ്യതയിൽ നിന്ന് രക്ഷ നേടാനുള്ള അറിവും ജനിതക പരിശോധനയും കൗൺസിലിംഗും അമൃതജീവനം നൽകുന്നു. ക്യാൻസറിന് ശേഷം രോഗികൾ ബുദ്ധിമുട്ട് നേരിടുന്ന ഉറക്കം, മാനസികസൗഖ്യം എന്നിവയ്‌ക്ക് ആയുർവേദത്തിന്റെയും ആത്മീയതയുടെയും പിന്തുണയും ലഭ്യമാക്കും. ഇതിന് പുറമെ യു.എസിലെ മിക്ക ക്യാൻസർ സെന്ററുകളിലുമുള്ള ഇന്റഗ്രേറ്റീവ് മെഡിസിൻ തെറാപ്പിയും ഇതിലുൾപ്പെടുന്നു. രോഗികളായിരുന്നവരിൽ നിന്ന് ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അമൃത ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണയോടെയാണ് അമൃതജീവനം പദ്ധതി നടപ്പിലാക്കുക.
“ക്യാൻസർ അതിജീവിച്ച ഏകദേശം 30 ശതമാനം പേരിലും ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയവ കണ്ടുവരുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരംഭിച്ച സമഗ്രമായ ക്യാൻസർ അതിജീവന പരിചരണ പരിപാടിയാണ് അമൃതജീവനം. അതിജീവിച്ചവരിൽ പലരും ഉത്കണ്ഠ, വിഷാദം, കാൻസർ ആവർത്തിക്കുമോ എന്ന ഭയം തുടങ്ങിയവയുമായി ഇപ്പോഴും പോരാടുന്നുണ്ട്. യോഗ, ധ്യാനം, മസാജ്, അക്യുപങ്ചർ തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ചാണ് അമൃതജീവനം വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഫോളോ-അപ്പ് ക്ലിനിക്കുകൾ അപൂർവമാണെങ്കിലും മറ്റ് രാജ്യങ്ങളിൽ അവ സാധാരണമാണ്. ഒരു ചോദ്യാവലിയിലൂടെ ക്യാൻസർ അതിജീവിച്ചവരുടെ ആവശ്യങ്ങൾ തിരിച്ചറിയാനും അവരെ ഉചിതമായ സ്പെഷ്യാലിറ്റികളിലേക്ക് നയിക്കാനും സാധിക്കും.” അമൃത ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.കെ. പവിത്രൻ പറയുന്നു.
സൊസൈറ്റി ഫോർ ഇന്റഗ്രേറ്റീവ് ഓങ്കോളജി-ആസ്കോ ഗൈഡ്ലൈൻസ്, സ്തനാർബുദ രോഗികൾ അനുഭവിക്കുന്ന സന്ധിവേദനയ്‌ക്ക് അക്യുപങ്ചറും യോഗയും മറ്റു ക്യാൻസർ വേദനകൾക്ക് അക്യുപങ്ചറും അക്യുപ്രഷറും ഗുണം ചെയ്യുമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്യാൻസർ അതിജീവിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ അമൃതജീവനം പദ്ധതിയിൽ ആയുർവേദത്തിനും വലിയ പങ്ക് വഹിക്കാനാകും.
“പലർക്കും ചികിത്സയ്‌ക്ക് ശേഷവും ഉറക്കമില്ലായ്മ, ക്ഷീണം, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ പലപ്രശ്നങ്ങളും നിലനിൽക്കാറുണ്ട്. ഇവർക്ക് ആയുർവേദ വിധി പ്രകാരമുള്ള മരുന്നുകളും ജീവിതശൈലീ മാറ്റവും ഗുണം കണ്ടുവരാറുണ്ട്. ശിരോധാര, പഞ്ചകർമ്മ തുടങ്ങിയ ചികിത്സകളൊക്കെ നല്ല ഉറക്കം ലഭിക്കാനും മാനസികസൗഖ്യത്തിനും ഫലപ്രദമാണ്. ” അമൃത സ്കൂൾ ഒഫ് ആയുർവേദയിലെ റിസേർച്ച് ഡയറക്ടർ ഡോ. റാം മനോഹർ പറയുന്നു.
യോഗ, മെഡിറ്റേഷൻ, അക്യുപങ്ചർ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളും ഉൾക്കൊള്ളിച്ച് വിഷാദങ്ങളും ആശങ്കകളും ബുദ്ധിമുട്ടുകളുമില്ലാത്ത ഒരു പുതുജീവിതത്തിലേക്ക് ക്യാൻസർ അതിജീവിച്ചവരെ എത്രയും പെട്ടെന്ന് എത്തിക്കുകയാണ് അമൃതജീവനം ലക്ഷ്യം വയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക