വാഷിങ്ടൺ: മൂന്നു സൈനികരുടെ മരണത്തിന് കാരണമായ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് തിരിച്ചടി നൽകി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും ഇറാൻ റവല്യൂഷണറി ഗാർഡിന്റെ 85 കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ബോംബർ വിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണം 30 മിനിട്ട് നീണ്ടു നിന്നു.
ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ആക്രമണത്തിൽ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ദൗത്യം ഇന്നാരംഭിക്കുകയാണെന്നും സമയവും ആക്രമണ കേന്ദ്രങ്ങളും തുടര്‍ന്നും തെരഞ്ഞെടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡൻ പ്രതികരിച്ചു.
ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അരമണിക്കൂര്‍ നീണ്ട ആക്രമണത്തിനിടെ സിറിയയിലെ നാലും ഇറാഖിലെ മൂന്നും കേന്ദ്രങ്ങള്‍ അമേരിക്കന്‍ സേന വ്യോമാക്രമണത്തിലൂടെ തകര്‍ത്തു. ദീര്‍ഘദൂര ബി വണ്‍ ബോബര്‍ വിമാനങ്ങളാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. അമേരിക്കന്‍ സേനയ്‌ക്ക് എതിരായ ആക്രമണത്തിന് പിന്നാലെ ഇറാനുമായുള്ള എല്ലാ സംഭാഷണങ്ങളും അമേരിക്ക അവസാനിപ്പിച്ചിരുന്നു.
അമേരിക്കന്‍ സേനയ്‌ക്ക് എതിരായ ആക്രമണത്തിലെ പങ്കാളിത്തം ഇറാന്‍ തള്ളിക്കളഞ്ഞു. അടിസ്ഥാനമില്ലാതെയാണ് അമേരിക്ക കുറ്റപ്പെടുത്തുന്നതെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഞായറാഴ്ച ജോർദാനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: