കൊട്ടാരക്കര: ക്രൈസ്തവ സഭകളിലെ പൂര്‍ണ സമയ സുവിശേഷകര്‍ക്കായി മദ്രസ അധ്യാപകര്‍ക്ക് നല്കിയ മാതൃകയില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ബിഷപ്പ് ഡോ.ജോര്‍ജ് ഈപ്പന് പറഞ്ഞു.
പാലൊളി കമ്മിഷന് നല്കിയ ശിപാര്‍ശകള്‍ മൂന്ന് മാസത്തിനകം നടപ്പാക്കാന്‍ തിടുക്കം കാട്ടിയ സര്‍ക്കാര്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് ഒരു വര്‍ഷമായി പൂഴ്ത്തിവെച്ചിരിക്കുന്നത് ക്രൈസ്തവ സമൂഹത്തോട് കാട്ടുന്ന അനീതിയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മതം പഠിപ്പിക്കുന്ന മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ഉള്ളപ്പോള്‍ അതേ തൊഴില്‍ ചെയ്യുന്ന ക്രൈസ്തവ സുവിശേഷകരെ മാത്രം ഒഴിവാക്കുന്നത് ഈ വിഭാഗത്തോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (കെസിസി) നേതൃത്വത്തില്‍ തിരുവല്ലയില്‍ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പന്തിയില്‍ രണ്ട് വിളമ്പ് സര്‍ക്കാരിന് ഭൂഷണമാണോ എന്ന് ചിന്തിക്കണം. ക്രിസ്തീയ വിശ്വാസികളെ എല്ലാ രംഗത്തും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഈ അവഗണന ഏറെ നാള് തുടരാന്‍ കഴിയില്ലെന്നും അതിന് തെളിവാണ് നീതി യാത്രയ്ക്ക് ജനങ്ങള്‍ നല്കുന്ന സ്വീകാര്യതയെന്നും ബിഷപ്പ് പറഞ്ഞു.
യോഗത്തില്‍ ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, കെസിസി ക്ലര്‍ജി കമ്മിഷന് ചെയര്മാന് എ.ആര്. നോബിള്‍, ഹെന്റി ബി. ദാവീദ്, കെ സിസി മുന്‍ ട്രഷറര്‍ എല്‍ ജി പവിത്ര സിങ്, സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവക വൈദിക സെക്രട്ടറി ജോസ് ജോര്‍ജ്, കെസിസി ദലിത് കമ്മീഷന് കണ്‍വീനര്‍ ബി. ജി എബ്രഹാം, കെസിസി ജില്ലാ കണ്‍വീനര്‍ പോള്‍ ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: