കല്‍പ്പറ്റ: മാനന്തവാടി ടൗണിലെ വിവിധ സ്ഥലങ്ങളില്‍ ഭീതി പരത്തിയ കാട്ടാന കര്‍ണാടക വനത്തില്‍ നിന്ന് റേഡിയോ കോളറുമായി നടന്നത് 200 കിലോമീറ്ററിലധികം. എന്നിട്ടും ഒന്നുമറിയാതെ രണ്ടു സംസ്ഥാനങ്ങളിലേയും വനംവകുപ്പുകള്‍.
കഴിഞ്ഞ മാസം 16 നാണ് കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം കാട്ടില്‍ വിട്ടത്. കര്‍ണാടക ഹാസന് ഫോറസ്റ്റ് ഡിവിഷനില്‍ പെട്ട ജനവാസകേന്ദ്രങ്ങളില്‍ ഭീതി പരത്തുകയും കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്ടം വരുത്തുകയും ചെയ്ത കാട്ടാനയെ സഹാറ എസ്റ്റേറ്റില്‍ നിന്നാണ് കര്‍ണാടക വനം വകുപ്പ് മയക്ക്വെടിവെച്ച് പിടികൂടിയത്. ആനക്ക് ‘തണ്ണീര്‍’ എന്നു പേരിടുകയും റേഡിയോ കോളര്‍ ഘടിപ്പിച്ച് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വനത്തില്‍ വിട്ടയക്കുകയുമായിരുന്നു.
മൈസൂര്‍ ജില്ലയിലെ വനം ഉദ്യോഗസ്ഥരെയാണ് ആനയെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത്. തുറന്നുവിട്ട സ്ഥലത്തുനിന്നു ഏകദേശം 200 കിലോമീറ്ററിലധികം താണ്ടിയാണ് ആന മാനന്തവാടിയിലെത്തിയത്. ബന്ദിപ്പൂര്‍ വനത്തില്‍ നിന്നും നാഗര്‍ഹോള രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, വയനാട് വന്യജീവി സങ്കേതം, ബേഗൂര്‍ റെയിഞ്ച് എന്നീ മേഖലകള്‍ ഉള്‍പ്പെട്ട വനത്തിലൂടെയാണ് കാട്ടാന മാനന്തവാടിയിലെത്തിയത്. വ്യാഴാഴ്ച രാത്രി മക്കിമലയില്‍ മൂന്ന് കാട്ടാനകളെ കണ്ടെത്തുകയും വനപാലകര്‍ വനത്തിലേക്ക് തുരത്തുകയും ചെയ്തിരുന്നു.
അതില്‍പ്പെട്ട ഒരു കാട്ടാനയാണ് മാനന്തവാടിയിലെത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തോ
ല്‍പ്പെട്ടി നരിക്കല്ല് ബാര്‍ ഗിരിക്കുന്ന് കമ്പിളിക്കാപ്പ് കോളനിയിലെ ലക്ഷ്മണന് (55) ആണ് കൊല്ലപ്പെട്ടത്. വന്യമൃഗശല്യം അതിരൂക്ഷമായ പ്രദേശമായിട്ടും റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ സാന്നിധ്യം പോലും തിരിച്ചറിയാന്‍ കഴിയാത്ത വനംവകുപ്പുകള്ക്കെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: