ബെംഗളൂരു: ഏതു കലയും രസിപ്പിക്കുന്നതിനപ്പുറം സാമൂഹികമായ ഒരുമയ്ക്കു വേണ്ടിയുള്ള പ്രേരണയും പ്രചോദനവും നല്‍കുമ്പോഴാണ് ഉദാത്തമാകുന്നതെന്ന് സംസ്കാര്‍ ഭാരതിയുടെ അഖില ഭാരതീയ കലാസാധക സംഗമത്തിലെ സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കലയുടെ ആദ്യ കടമ രസിപ്പിക്കലാണ്. പക്ഷേ ആത്യന്തിക ധര്‍മ്മം സാമൂഹ്യ ഐക്യം രൂപപ്പെടുത്തുകയാണ്. സംഗീതത്തിനും പ്രകടന കലകള്‍ക്കും ചിത്രകലയ്ക്കും ശില്പകലയ്ക്കും ഈ ധര്‍മ്മം നിര്‍വഹിക്കാനുണ്ടെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. സാമൂഹിക സമരസതയില്‍ കലയുടെ പങ്ക് എന്നതായിരുന്നു വിഷയം.
രാമായണം ധര്‍മ്മ യുദ്ധത്തിന്റെ വിജയ ഇതിഹാസമാണ്. ശ്രീരാമചന്ദ്രനെ മര്യാദാപുരുഷോത്തമനായി സമൂഹത്തിന് മാതൃകയാക്കി മാറ്റിയത് വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട രാമചരിതങ്ങളിലൂടെയാണെന്ന് സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. പദ്മശ്രീ മാലിനി അവസ്തി, ആര്‍എസ്എസ് പ്രചാരക് രവീന്ദ്ര കിര്കോലെ, ജയ്പുര്‍ മുന്‍ ലളിത കലാ അധ്യക്ഷന്‍ ഡോ. ഇന്ദുശേഖര്‍ തത്പുരുഷ്, അനില്‍ സൈക്യ, പ്രൊഫ.അദിതി പാസ്വാന്, അശുതോഷ് അദോനി എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
കലയിലും സാഹിത്യത്തിലും സാമൂഹിക സമരസത വ്യക്തമാക്കുന്ന പ്രദര്‍ശിനിയും രംഗോളിയും സംഗമത്തില്‍ ഏറെ ശ്രദ്ധേയമാകുകയാണ്. ഇന്നലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര് നാടകം, നൃത്തശില്പം, നൃത്തനൃത്യങ്ങള്‍, യുവകവി സമ്മേളനം എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: