ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ പൊതുസിവില്‍ കോഡ് നടപ്പാക്കാനുള്ള അന്തിമ കരട് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് കൈമാറി. റിട്ട. സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസായ മുഖ്യസേവക് സദനിലെ ചടങ്ങില്‍ കൈമാറിയത്.
ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം കരട് അംഗീകരിക്കും. പൊതുസിവില്‍ കോഡില്‍ നിയമ നിര്‍മാണത്തിന് ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനം അഞ്ചു മുതല്‍ എട്ടു വരെ ചേരുന്നുണ്ട്. ബില്‍ രൂപത്തില്‍ കരട് സഭയില്‍ അവതരിപ്പിക്കും.
സംസ്ഥാനത്തെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും പേരില്‍ കരട് തയാറാക്കിയ സമിതിക്ക് നന്ദി. സമിതി അംഗങ്ങളുടെ ഈ സംഭാവന ഒരു അനുഗ്രഹമാകുമെന്നു പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിനും രാജ്യത്തിനാകെയും ഇതൊരു നാഴികക്കല്ലാകും. ഈ റിപ്പോര്‍ട്ട് പഠിച്ച് പൊതുസിവില്‍ കോഡ് നിയമത്തിന്റെ കരട് സര്‍ക്കാര്‍ എത്രയും വേഗം തയാറാക്കും. വരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. നിയമം അതിവേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും, ധാമി കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡില്‍ പൊതുസിവില്‍ കോഡ് നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. യുസിസിയുടെ കരട് സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനാല്‍ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കിത് സുപ്രധാന ദിനമാണ്. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിച്ച് കൂടുതല്‍ ശക്തിയോടെ പോകുകയാണ്, ധാമി ട്വീറ്റ് ചെയ്തു.
എല്ലാ മതത്തിലും പെട്ട പെണ്‍കുട്ടികള്‍ക്ക് പൊതുവായ വിവാഹപ്രായം വേണം.വിവാഹമോചനത്തിനു സമാനമായ നടപടിക്രമങ്ങള്‍ നടപ്പാക്കണം. വിവാഹ രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ സ്വത്തവകാശം. ലിവ്-ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം തുടങ്ങിയ ശിപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി വളരെ വേഗത്തിലാണ് കരട് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചത്. സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പ്രമോദ് കോഹ്ലി, ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി ശത്രുഘ്നന്‍ സിങ്, ഡൂണ്‍ യൂണിവേഴ്സിറ്റി വിസി സുരേഖ ദംഗ്വാള്‍, സാമൂഹിക പ്രവര്ത്തകന് മനു ഗൗര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പൊതുസിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുകയായിരുന്നു. വിവാഹം, ദത്തെടുക്കല്‍, അനന്തരാവകാശം, സ്വത്തവകാശം തുടങ്ങിയവയ്ക്ക് എല്ലാ പൗരന്മാര്ക്കുമായി പൊതുവായ ഒരു നിയമമെന്നതാണ് പൊതുസിവില്‍ കോഡ് കൊണ്ട് അര്‍ഥമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: