ന്യൂദൽഹി: വെള്ളിയാഴ്ച ഷിംല നിവാസികൾ ഉണർന്നത് ആകർഷകമായ ഒരു കാഴ്ചയിലേക്കാണ്. നഗരം മുഴുവൻ മഞ്ഞുമൂടി ഹിമപാതത്താൽ വിറങ്ങലിച്ച് നിൽക്കുന്നു. നഗരത്തിലെ കനത്ത ഈ മഞ്ഞ് വീഴ്ച ജനജീവിതത്തെ സാരമായി ബാധിച്ചു.
റോഡിലെ മഞ്ഞുവീഴ്ച വാഹനഗതാഗതത്തെയാണ് ഏറെ തടസ്സപ്പെടുത്തിയത്. ഓഫീസിൽ പോകുന്നവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഹിമാചൽ പ്രദേശിലെ നാല് ദേശീയ പാതകളുൾപ്പെടെ 720 റോഡുകൾ മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിട്ടു. ഷിംല ജില്ലയിൽ മാത്രം പരമാവധി 250 റോഡുകൾ അടച്ചു. തുടർന്ന് ചമ്പയിൽ 163, ലാഹൗളിലും സ്പിതിയിലും 139, കുളുവിൽ 67, മാണ്ഡിയിൽ 54, കിന്നൗർ ജില്ലയിൽ 46 എന്നിങ്ങനെയാണ് റോഡുകൾ അടച്ചിട്ടതെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ വ്യക്തമാക്കി.
രോഹ്രു, ചോപ്പാൽ, നാർക്കണ്ട, ഖദ്രാല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകൾ അടച്ചതിനാൽ മുകളിലെ ഷിംല മേഖലകളിലേക്കുള്ള വാഹന ഗതാഗതം പലയിടത്തും നിർത്തിവയ്‌ക്കേണ്ടി വന്നു. മഞ്ഞുവീഴ്ചയും വ്യാപകമായ മഴയുമാണ് ഇത്രയും കുറഞ്ഞ താപനിലയിലേക്ക് എത്തിച്ചത്.
അതേ സമയം മഞ്ഞ് മാറ്റാനായി താഴ്ന്ന പ്രദേശങ്ങളിൽ കിടക്കുന്ന വാഹന യന്ത്രസാമഗ്രികൾ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലേക്ക് മാറ്റുകയും കാൽസ്യം ക്ലോറൈഡ് തളിച്ച് റോഡുകൾ വൃത്തിയാക്കുകയും ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തലസ്ഥാനമായ ഷിംലയിൽ 5-സെൻ്റീമീറ്റർ ആഴത്തിലുള്ള മഞ്ഞുവീഴ്ചയും കുറഞ്ഞ താപനില മൈനസ് 0.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കൂടാതെ കുസുംശേരിയിൽ മൈനസ് 13.8 ഡിഗ്രി സെൽഷ്യസും കൽപ്പയിൽ മൈനസ് 7.0 ഡിഗ്രി സെൽഷ്യസും നാർക്കണ്ടയിലും മണാലിയിലും മൈനസ് 6.1 ഡിഗ്രി സെൽഷ്യസും സംദോയിൽ മൈനസ് 5.4 ഡിഗ്രി സെൽഷ്യസും മൈനസ് 3.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: