കണ്ണൂര്‍: മാരക രോഗങ്ങള്‍ക്കുളള ധനസഹായമുള്‍പ്പെടെയുളള ആശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിമുഖത. 2023-24 വര്‍ഷത്തില്‍ മരുന്നു വാങ്ങാന്‍ പദ്ധതി തയാറാക്കിയത് 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 76 (6.5 ശതമാനം) പഞ്ചായത്തുകള്‍ മാത്രം. ഇതു കാരണം സംസ്ഥാനത്ത് വൃക്ക രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗുരുതര-മാരക രോഗങ്ങള്‍ ബാധിച്ച സാധാരണക്കാരായ ജനങ്ങള്‍ ദുരിതത്തിലാണ്.
മാരക രോഗം ബാധിച്ചവര്‍ക്ക് മുടക്കം കൂടാതെ മരുന്നും വൃക്ക രോഗം കാരണം ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് മാസത്തില്‍ 4000രൂപ വരെ ധനസഹായവും നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഉത്തരവ് പ്രകാരം വിരലിലെണ്ണാവുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമേ ഇതു സംബന്ധിച്ച് പദ്ധതി തയാറാക്കിയിട്ടുളളൂ. ഈ തദ്ദേശ സ്ഥാപനങ്ങളാവട്ടെ ഇതുവരെ ഇത് നടപ്പിലാക്കിയിട്ടില്ല. ഭൂരിഭാഗം പഞ്ചായത്ത്-നഗരസഭാ മേധാവികള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സഹായ പദ്ധതിയുടെ ഉത്തരവ് വായിച്ചു നോക്കാനോ നടപ്പിലാക്കാനോ തയാറാവുന്നില്ലെന്ന് വൃക്ക രോഗികള്‍ ഉള്‍പ്പെടെയുളളവര്‍ പറയുന്നു.
2023-2024 വര്‍ഷത്തില്‍ 76 പഞ്ചായത്തുകള്‍ മാത്രമാണ് മരുന്നു വാങ്ങാന്‍ പദ്ധതി തയാറാക്കിയത്. ഡയാലിസിസ് ധനസഹായത്തിന് 151 (12.4 ശതമാനം) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് പദ്ധതി തയ്യാറാക്കിയത്. 14 ജില്ലാ പഞ്ചായത്തുകളില്‍ ധനസഹായം അഞ്ചെണ്ണത്തില്‍ (36ശതമാനം), മരുന്ന് വിതരണ പദ്ധതി ഒരു (0.7ശതമാനം) ജില്ലാ പഞ്ചായത്തില്‍ മാത്രം. ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനസഹായം 13 ഇടങ്ങളില്‍(8.5) ശതമാനം, മരുന്ന് വിതരണ പദ്ധതി എട്ട് (5ശതമാനം) ഇടങ്ങളില്‍ മാത്രം. നഗരസഭകളില്‍ 32(37ശതമാനം), ഏഴു (8 ശതമാനം) കോര്‍പ്പറേഷനുകളില്‍ ധനസഹായ പദ്ധതി ആറിടത്തും തയാറാക്കിയപ്പോള്‍ മൂന്നിടത്ത് മാത്രമാണ് മരുന്നു വിതരണ പദ്ധതി തയാറാക്കിയതെന്ന് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്‌നികെയര്‍ കേരള ചെയര്‍മാന്‍ പി.പി. കൃഷ്ണന്‍ മാസ്റ്റര്‍ക്ക് ആസൂത്രണ വകുപ്പ് ഓഫീസ് മുഖാന്തിരം ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
നിലവില്‍ വൃക്ക രോഗം ബാധിച്ചവര്‍ക്ക് മാസം എണ്ണായിരം രൂപ മുതല്‍ 15,000 രൂപവരെ മരുന്നു വാങ്ങാന്‍ വേണം. കൂടാതെ ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസിന് ചെലവ്, മരുന്ന്, യാത്രാ ചെലവ് ഇവയ്‌ക്ക് ചുരുങ്ങിയത് 27,000 ആയിരം രൂപ വേണം. ഇതിന് അല്‍പ്പം ആശ്വാസമാകുന്നതായിരുന്നു രണ്ട് വര്‍ഷം മുമ്പുളള സര്‍ക്കാര്‍ പ്രഖ്യാപനം.
എന്നാല്‍ ഇന്നും ഇത് നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മടിക്കുകയാണ്. 2024-25 വര്‍ഷത്തേക്കുളള കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ തയാറാക്കുന്ന ഈ ഘട്ടത്തിലെങ്കിലും നിര്‍ദ്ധന രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന മാരക രോഗികള്‍ക്കുളള ധനസഹായമുള്‍പ്പെടെയുള്ള ആശ്വാസ പദ്ധതികള്‍ക്ക് തുക മാറ്റിവെയ്‌ക്കാന്‍ നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: