പാല് മരങ്ങള്‍ ഏത് ഭാഗത്ത് നടണം?
പാല്‍മരങ്ങള്‍ വടക്കും കിഴക്കും നടുന്നത് നല്ലതാണ്. വീട്ടുവളപ്പിനകത്ത് നാരകവര്‍ഗത്തില്‍പ്പെട്ട ചെടികള്‍ നടാതിരിക്കുന്നതാണ് ഉത്തമം. കൂടാതെ നെഗറ്റീവ് എനര്‍ജി വമിക്കുന്ന ചിലയിനം ഓര്‍ക്കിഡുകളുണ്ട്. അവ വീടിന്റെ കോമ്പൗണ്ടിനകത്ത് നട്ട് വളര്‍ത്തുന്നത് നന്നല്ല. വീടിന്റെ കിഴക്ക് വശത്ത് പൊക്കം കുറഞ്ഞ വൃക്ഷങ്ങള്‍ നടുക. വടക്ക് ഭാഗത്ത് ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നത് നല്ലതാണ്. കൂടാതെ കിഴക്കും വടക്കും, മണമുള്ള പൂക്കളോടുകൂടിയ ചെടികള്‍ വളര്‍ത്തുന്നത് ആരോഗ്യത്തിനും മാനസിക ഉന്മേഷത്തിനും നല്ലതാണ്. വീടിന്റെ തെക്ക് ഭാഗത്ത് വേപ്പ്, പുളി എന്നിവ വളര്‍ത്തുന്നതില്‍ തെറ്റില്ല. പടിഞ്ഞാറ് ഭാഗത്ത് കല്പവൃക്ഷങ്ങളായ തെങ്ങ്, കവുങ്ങ് മുതലായവയും പൊക്കമുള്ള ചോലവൃക്ഷങ്ങളും വളര്‍ത്താം. വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ ശീമപ്ലാവ് നടരുത്. ഒരു കുടുംബത്തിന്റെ അസ്ഥിവാരം ഉലയ്ക്കാനും കുടുംബഭദ്രതയെ തകിടം മറിക്കാനും ഇതിടയാക്കും. നെഗറ്റീവ് എനര്‍ജിയുള്ള വൃക്ഷമാണ് ശീമപ്ലാവ്. ഇത് വീടിന്റെ കോമ്പൗണ്ടിന് പുറത്ത് നട്ടുവളര്‍ത്തുക.
പട്ടിക്കൂട്, കോഴിക്കൂട് ഇവ ഏത് ഭാഗത്തു പണിയണം?
വടക്കുപടിഞ്ഞാറ് ഭാഗമാണ് ഇതു പണിയാന്‍ ഉത്തമം.
കിഴക്കുദര്‍ശനമുള്ള വീട്ടില്‍ പടിപ്പുര ഉണ്ടെങ്കില്‍ അതിന്റെ മതിലില്‍ കല്‍വിളക്ക് വച്ചു കത്തിക്കാമോ?
പണ്ടത്തെ നാലുകെട്ട്, എട്ടുകെട്ട് എന്നിവ പണിഞ്ഞിട്ടുള്ള വീടിന്റെ പടിപ്പുരകളില്‍ പണ്ടും കല്‍വിളക്കുകള്‍ സ്ഥാപിക്കുകയും അതില്‍ വിളക്ക് കത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതാകാം. ഐശ്വര്യമാണ്.
നിലവിളക്കാണോ തൂക്കുവിളക്കാണോ വീടിന്റെ മുന്പില് കത്തിക്കേണ്ടത്?
വീടിന്റെ മുന്‍വശത്ത് നിലവിളക്കോ ലക്ഷ്മിവിളക്കോ കത്തിച്ച് ഒരു തട്ടത്തില്‍ വച്ച് നിലത്തുവയ്ക്കുന്നതാണ് ഉത്തമം. തൂക്കുവി ളക്ക് അമ്പലങ്ങളിലാണ് കത്തിക്കേണ്ടത്. എന്നാല്‍ പലരും തൂക്കു വിളക്ക് വീടിന്റെ മുന്നില്‍ കെട്ടിയിടാറുണ്ട്. ഇതുകൊണ്ട് ദോഷമൊന്നുമില്ല.
ചില വീടുകളില്‍ നേര്‍ക്കുനേരെ ഭിത്തികളില്‍ ദ്വാരം ഇടാറുണ്ട്. എന്താണ് ഉദ്ദേശ്യം?
കര്‍ണ്ണസൂത്രം അടഞ്ഞുനില്ക്കുന്ന വീടുകള്‍ക്കാണ് ഇത്തരം ദ്വാരങ്ങള്‍ ഇടുന്നത്. കൂടാതെ ഊര്‍ജ്ജപ്രവാഹം വീട്ടിനുള്ളിലേക്ക് ക്രമമായി കിട്ടുന്നതിനും ഇങ്ങനെ ചെയ്യാറുണ്ട്.
ബ്രഹ്മസൂത്രം എന്നാലെന്ത്? ബ്രഹ്മസൂത്രത്തിന്റെ സ്ഥാനം ഏത്?
വീടിന്റെ മദ്ധ്യഭാഗമാണ് ബ്രഹ്മസൂത്രമായി കണക്കാക്കേണ്ടത്. വാസ്തുദേവന്റെ പൊക്കിള്‍ക്കൊടിയുടെ സ്ഥാനമാണ് ബ്രഹ്മസ്ഥാനം. ഒരു വീടിനെ സംബന്ധിച്ച് ഭൗമോര്‍ജ്ജം വമിക്കുന്ന ഭാഗമാണിത്. ഈ ഭാഗത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടില്ല. ഭാരമുള്ള സാധനങ്ങള്‍ ഒന്നും ഇവിടെ അടച്ചുവയ്ക്കരുത്.
സ്ഥിരമായി വീട്ടിനുള്ളില്‍ ചെറിയ ചെറിയ അഗ്നിബാധ ഉണ്ടാകുന്നു. മോഷണം നടക്കുന്നു. അതിന് വാസ്തുശാസ്ത്രപരമായി എന്താണ് പരിഹാരം?
വീടിന്റെ തെക്ക് കിഴക്ക് ഭാഗത്തിന് ദോഷം വരുമ്പോഴാണ് ഈ രണ്ട് കാര്യങ്ങള്‍ സംഭവിക്കുക. തെക്ക് കിഴക്ക് ഭാഗം കട്ട് ചെയ്ത് വീട് പണിയുകയോ തെക്ക് കിഴക്ക് മൂല ദീര്‍ഘിപ്പിക്കുകയോ ചെയ്താലും മേല്‍പ്പറഞ്ഞ ദോഷങ്ങള്‍ സംഭവിക്കും. മൂലകള്‍ എന്ന് പറയുന്നത് 90 ഡിഗ്രിയാണ്. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന പ്രാപഞ്ചികോര്ജ്ജവും ഭൂമിയില്‍നിന്ന് കിട്ടുന്ന ഭൗമോര്ജ്ജവും വീട് ചുറ്റി വരുന്നതിന് സൗകര്യം ഉണ്ടായിരിക്കണം. വീടിന്റെ നാല് മൂലകളിലും കുഴി ഉണ്ടാക്കുന്നതും കോമ്പൗണ്ടിന്റെ മൂലകള്‍ ചേര്‍ത്ത് ചെറിയ ചായ്പ്പുകള്‍ കെട്ടുന്നതും ഊര്ജപ്രവാഹത്തെ സാരമായി ബാധിക്കും. അത് ആ വീട്ടില്‍ താമസിക്കുന്നവരുടെ മനഃസമാധാനം കെടുത്തും. ആയതിനാല്‍ ഒരു ഭവനത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ത്ത് മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്.
ബ്രഹ്മസ്ഥാനത്തിന്റെ പ്രാധാന്യം?
ബ്രഹ്മസ്ഥാനം ഏറ്റവും വിശുദ്ധമായ ഭാഗമാണ്. എല്ലാ സൃഷ്ടിയുടെയും അടിസ്ഥാനം ബ്രഹ്മമാണ്. ഒരു പുരയിടത്തിന്റെ അല്ലെങ്കില്‍ ഒരു വീടിന്റെ ഒത്തമധ്യത്തിലാണ് ബ്രഹ്മസ്ഥാനം. മറ്റ് ദിക്കുകളും ഈ കേന്ദ്രസ്ഥാനത്തെ ആശ്രയിക്കുന്നു. ഭൗമോര്‍ജ്ജം ഏറ്റവും കൂടുതല്‍ വമിക്കുന്നത് ഈ ഭാഗത്ത് നിന്നാണ്. ഇതിനെ ഗുരുത്വാകര്‍ഷണ കേന്ദ്രമെന്ന് പറയുന്നു. ഒരു മനുഷ്യശരീരത്തില്‍ നാഭിയാണ് ഗുരുത്വാകര്‍ഷണ കേന്ദ്രമായി് പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെ വീടിന്റെ മദ്ധ്യഭാഗമാണ് ഗുരുത്വാകര്‍ഷണ കേന്ദ്രം.
വാടകവീട്ടില്‍ വാസ്തു നിയമം ബാധകമാണോ?
തീര്‍ച്ചയായിട്ടും വാടകവീട്ടില്‍ വാസ്തുനിയമം ബാധകമാണ്. വാസ്തു നിയമപ്രകാരമല്ലാതെ പണിത വീട്ടില്‍ ഉള്ള ദോഷഫലം അവിടെ താമസിക്കുന്നവരെ തീര്‍ച്ചയായും ബാധിക്കും. വീടിന്റെ ഉടമസ്ഥരെ അന്വേഷിച്ച് പോയി ഉപദ്രവിക്കുമെന്ന് ഇതിനര്‍ഥമില്ല. ഒരു ചെറിയ വീട്ടില്‍ മനസ്സമാധാനത്തോടും സന്തോഷത്തോടും ആരോഗ്യത്തോടും വസിച്ചിരുന്ന ഒരു കുടുംബം കൂടുതല്‍ സുഖ സൗകര്യത്തിന് വേണ്ടി ഒരു വലിയ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയാല്‍ പ്രസ്തുത വീട് വാസ്തുദോഷമുള്ള വീടാ ണെങ്കില്‍ എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട് നിത്യ ദുരിതത്തില്‍ ആകും. അതിനാല്‍ ഒരു പരിധിവരെ വാടക കെട്ടിടം തിരഞ്ഞെടു ക്കുമ്പോള് വാസ്തു നിയമം നോക്കുന്നത് നല്ലതാണ്.
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: