കൊച്ചി: മുന്‍നിര കപ്പല്‍ശാലയായ കൊച്ചിന് ഷിപ്പ്യാര്ഡിന് യൂറോപ്പില്‍ നിന്ന് പുതിയൊരു കപ്പല്‍ നിര്‍മാണ ഓര്‍ഡര്‍ കൂടി ലഭിച്ചു. തീരത്ത് നിന്നും ഏറെ അകലെ സമുദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് ഓപറേഷന് വെസല്‍ (എസ്ഒവി) വിഭാഗത്തില്‍പ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് യൂറോപ്യന്‍ കമ്പനിക്കു വേണ്ടി പുതുതായി കൊച്ചിയില്‍ നിര്‍മിക്കുന്നത്.
സമുദ്രമേഖലയില്‍ നിലയുറപ്പിച്ച് കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനാണ് ഈ കപ്പല്‍ ഉപയോഗിക്കുക. മറ്റൊരു കപ്പല്‍കൂടി നിര്‍മിച്ചു നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള രണ്ട് കപ്പലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.ലോകത്തിന്റെ ശ്രദ്ധ സുസ്ഥിര, പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് തിരിഞ്ഞതോടെ ആഗോള തലത്തില്‍ ഓഫ്ഷോര്‍ ഊര്‍ജ്ജോത്പ്പാദന മേഖല വികസിക്കുകയാണ്. ഈ രംഗത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പടക്കുതിരയാകും കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മിക്കുന്ന ഈ ഹൈബ്രിഡ് സര്‍വീസ് ഓപറേഷന് വെസല്‍. ഇത്തരം കപ്പലുകല്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കപ്പല്‍ശാലയാണ് കൊച്ചിന് ഷിപ്പ്യാര്ഡ്. ഡീസലിനു പുറമെ വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍ പരിസ്ഥിതി മലിനീകരണം വന്‍തോതില്‍ ലഘൂകരിക്കാനും സഹായിക്കും.
രണ്ടു പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ രംഗത്ത് കൊച്ചിന് ഷിപ്പ്യാര്ഡ് സജീവമാണ്. ഇതിനകം യുഎസ്എ, ജര്‍മനി, നെതര്‍ലന്‍ഡ്സ്, നോര്‍വെ, ഡെന്മാര്ക്ക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായി 50ലധികം അത്യാധുനിക കപ്പലുകള്‍ കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഓഫ്ഷോര്‍ സപ്പോര്‍ട്ട് വെസലുകള്‍ നിര്‍മിക്കുന്നതില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് ആഗോള തലത്തില്‍ പേരെടുത്തിട്ടുണ്ട്. നോര്‍വീജിയന്‍ കമ്പനിക്കു വേണ്ടി ഈയിടെ സ്വയംനിയന്ത്രിത ഇലക്ട്രിക് കാര്‍ഗോ ഫെറികള്‍ നിര്‍മിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജര്‍മന്‍ കമ്പനിക്കു വേണ്ടിയുള്ള എട്ട് മള്‍ട്ടി പര്‍പ്പസ് വെസലുകളുടെ നിര്‍മാണവും കൊച്ചി കപ്പല്‍ശാലയില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ നിര്‍മിക്കുന്നതിലും കൊച്ചിന് ഷിപ്പ്യാര്ഡ് മികവ് തെളിയിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ നാവിക സേനയ്ക്കു കൈമാറിയത് സമീപകാലത്താണ്. കൂടാതെ ആന്റി സബ്മറൈന് യുദ്ധക്കപ്പലുകളും പുതുതലമുറ മിസൈല്‍ വെസലുകളും നിര്‍മിക്കാനുള്ള ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.
നിരവധി ഓര്‍ഡറുകളാണ് നിലവില്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയിട്ടുള്ളത്. നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. ഭാരതത്തിന്റെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സമയബന്ധിതമായി നിര്‍മിച്ച് രാജ്യത്തിന് സമര്‍പ്പിച്ചതടക്കം നിരവധി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചിന് ഷിപ്പ്യാര്ഡിന്റെ രണ്ട് പുതിയ പദ്ധതികള്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.
കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ പാട്ടത്തിനെടുത്ത 42 ഏക്കറില്‍ 970 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി, തേവരയില്‍ 1,800 കോടി രൂപ നിക്ഷേപത്തോടെ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക് എന്നിവയാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: