ആലപ്പുഴ: ചാക്കോ വധക്കേസിലെ പ്രധാന പ്രതി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിനായി കെട്ടിടം ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി.
ഈ കെട്ടിടത്തിന്റെ നിര്‍മാണത്തിന് പണം കണ്ടെത്താനായിരുന്നു 40 വര്‍ഷം മുമ്പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കാറിലിട്ട് ചുട്ട്‌കൊന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിന് സമീപമാണ് ഈ കെട്ടിടം. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ് ഇത്.
താന്‍ മരിച്ചുവെന്ന് ധരിപ്പിച്ച് വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് തന്നോട് രൂപസാദൃശ്യമുളള ചാക്കോയെ കാറിനുളളിലിട്ട് തീയിട്ടത്. എന്നാല്‍ മരിച്ചത് ചാക്കോയാണെന്ന് വ്യക്തമായതോടെ കുറുപ്പ് മുങ്ങി. പിന്നീടാരും ഇയാളെ കണ്ടിട്ടില്ല. നിലവില്‍ ഇയാള്‍ ജീവിപ്പിച്ചിരുപ്പുണ്ടോ എന്നും പൊലീസിന് വ്യക്തതയില്ല.
സുകുമാരക്കുറുപ്പ് മുങ്ങിയതോടെ ഈ കെട്ടിടവും അനാഥമായി. അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസിന് പോയെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ ഫലമുണ്ടായില്ല. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ വില്ലേജ് ഓഫീസിനായി സര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്ത് കൈമാറണം എന്നാണ് ആവശ്യം. നവകേരള സദസില്‍ അപേക്ഷ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: