ന്യൂദല്‍ഹി: മുന്കാലങ്ങളെക്കാളെല്ലാം അധികം വിസ അപേക്ഷകള്‍ പരിഗണിച്ച് ഇന്ത്യയിലെ യു.എസ്. കോണ്‍സുലാര്‍ വിഭാഗം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.
14 ലക്ഷത്തോളം യു.എസ്. വിസകളാണ് പോയ വര്‍ഷം പരിഗണിച്ചത്. എല്ലാത്തരം വിസ വിഭാഗങ്ങളിലും ആവശ്യക്കാരുടെ എണ്ണം അഭൂതപൂര്‍വമായിരുന്നു; 2022നെ അപേക്ഷിച്ച് അപേക്ഷകളില്‍ 60 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ലോകമെമ്പാടുമുള്ള യു.എസ്. വിസ അപേക്ഷകരില്‍ പത്തില്‍ ഒരാള്‍ ഇപ്പോള്‍ ഇന്ത്യക്കാരാണ്.
ഇന്ത്യയിലെ അമേരിക്കന്‍ സന്ദര്‍ശക വിസ അപ്പോയിന്റ്മെന്റിനായുള്ള കാത്തിരിപ്പ് സമയം 75 ശതമാനം കുറക്കാന്‍ ഇന്ത്യയിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് കഴിഞ്ഞു.
സന്ദര്‍ശക വിസ അപേക്ഷകളുടെ (ബി1/ബി2) എണ്ണം ഇന്ത്യയിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കണക്കായി കുതിച്ചുയര്‍ന്നു ഏഴ് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഇന്ത്യയില്‍ നിന്ന് പോയ വര്‍ഷം സന്ദര്‍ശക വിസക്കായി അപേക്ഷിച്ചത്. അധിക ജീവനക്കാരെ നിയോഗിച്ചും, സ്ഥിരം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും, നൂതന സാങ്കേതിക പരിഹാരങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് യു.എസ്. എംബസിയും കോണ്‍സുലേറ്റുകളും ഈ വര്‍ദ്ധിത ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തനരീതികള്‍ മെച്ചപ്പെടുത്തിയും ജീവനക്കാരുടെ നിയമനങ്ങള്‍ കൃത്യമായി നടപ്പാക്കിയും സന്ദര്‍ശക വിസകള്‍ക്കായുള്ള അപ്പോയിന്റ്മെന്റ് കാത്തിരിപ്പ് സമയം രാജ്യത്തുടനീളം ശരാശരി 1,000 ദിവസത്തില്‍ നിന്ന് 250 ദിവസമായി കുറച്ചു. മറ്റെല്ലാ വിസ വിഭാഗങ്ങളിലും കാത്തിരിപ്പ് സമയം ഇതിലും കുറവാണ്.
കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം വിദ്യാര്‍ത്ഥി വിസകള്‍ നല്കി; ലോകത്തിലെ മറ്റേതൊരു രാജ്യത്തിലേതിനെക്കാളും കൂടുതലാണിത്. മൂന്നു വര്‍ഷമായി ഇന്ത്യ ഈ റെക്കോര്‍ഡ് നിലനിര്‍ത്തുന്നു. മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നീ കോണ്‍സുലേറ്റുകള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച രീതിയില്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി വിസ പരിഗണിക്കുന്ന നാല് കേന്ദ്രങ്ങളാണ്. ഫലമായി അമേരിക്കയിലെ അന്താരാഷ്ട്ര ബിരുദ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും വലിയ വിഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാറിയിരിക്കുന്നു. അമേരിക്കയില്‍ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്നിലധികം വരും.
തൊഴില്‍ വിസകള്‍ ഇന്ത്യയിലെ യു.എസ്. മിഷന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി നിലകൊള്ളുന്നു. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായി കോണ്‍സുലാര്‍ വിഭാഗം ചെന്നൈയിലെയും ഹൈദരാബാദിലെയും മിക്ക അപേക്ഷാധിഷ്ഠിത പരിഗണനയും ഏകീകരിച്ചു. ഇന്ത്യക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 2023ല്‍ മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം തൊഴില്‍ വിസകള്‍ കൈകാര്യം ചെയ്യാനും അപ്പോയിന്റ്മെന്റ് കാത്തിരിപ്പ് സമയം പരിമിതപ്പെടുത്താനും ഇത് യു.എസ്. മിഷനെ സഹായിച്ചു. 2024ല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള ഒ1ആ വിസ ഉടമകളെ അവരുടെ വിസ അമേരിക്കയില്‍ വെച്ച് പുതുക്കാന്‍ അനുവദിക്കും; തൊഴില്‍ വിസകളുടെ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കും.
മഹാമാരി നിമിത്തം കാലതാമസം നേരിട്ട മുപ്പത്തൊന്നായിരത്തിലധികം കുടിയേറ്റ വിസ കേസുകളുടെ നീണ്ട നിര മുംബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം പരിഗണിച്ച് തീര്‍പ്പാക്കി. തീര്‍പ്പുകല്‍പ്പിക്കാത്ത കുടിയേറ്റ വിസ അപേക്ഷ ഉള്ളവരും അത് പരിഗണിക്കാനുള്ള സമയക്രമത്തിന് തയ്യാറുള്ളവര്‍ക്കും ഇപ്പോള്‍ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സാധാരണ കലാപരിധിക്കുള്ളില്‍ ഒരു അപ്പോയിന്റ്മെന്റ് ലഭിക്കും.
ഇന്ത്യയിലെ കോണ്‍സുലാര്‍ സേവനങ്ങളുടെ ഭാവിയില്‍ യു.എസ്. മിഷന് തുടര്‍ന്നും നിക്ഷേപം നടത്തുകയും കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമായ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുന്നു. 2023 മാര്‍ച്ചില്‍ ഹൈദരാബാദില്‍ 340 മില്യണ്‍ യു.എസ്. ഡോളര്‍ ചെലവില്‍ പുതിയ സൗകര്യം തുറന്നതും അഹമ്മദാബാദിലും ബാംഗ്ലൂരിലും രണ്ട് പുതിയ കോണ്‍സുലേറ്റുകള്‍ പ്രഖ്യാപിച്ചതും രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഓഫീസ് സൗകര്യങ്ങളില്‍ തുടര്‍ച്ചയായ മൂലധന മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നതും കൂടുതല്‍ കോണ്‍സുലാര്‍ ഓഫീസര്‍മാരെ ഇന്ത്യയിലേക്ക് സ്ഥിരമായി നിയമിക്കുന്നതും ഈ നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: