ന്യൂദൽഹി: വിദേശ നിക്ഷേപം (എഫ്ഡിഐ), ഉൽപ്പാദനം ഉൾപ്പെടെ വിവിധ മേഖലകളിലെ വികസനത്തിനായി യുഎഇയുമായിട്ടുള്ള നിക്ഷേപ ഉടമ്പടിക്ക് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ഉഭയകക്ഷി സാമ്പത്തിക ഇടപെടൽ ഗണ്യമായി വർദ്ധിപ്പിക്കാനായിട്ടാണ് ഈ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ മാസത്തെ യുഎഇ സന്ദർശനത്തിന് മുന്നോടിയായാണ് നിക്ഷേപ ഉടമ്പടിക്ക് അംഗീകാരം നൽകിയത്. ഈ ഉടമ്പടി നിക്ഷേപകരുടെ, പ്രത്യേകിച്ച് വൻകിട നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇത് വിദേശ നിക്ഷേപത്തിലും വിദേശ നേരിട്ടുള്ള നിക്ഷേപ അവസരങ്ങൾ വർധിക്കുന്നതിന് കാരണമാകുമെന്നും കരാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുമെന്നും സർക്കാർ പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരത സർക്കാരും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിട്ട് അംഗീകാരം നൽകി ” – യൂണിയൻ കാബിനറ്റ് അറിയിച്ചു.
ഈ അംഗീകാരം ഭാരതത്തിൽ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുന്നതിലൂടെയും കയറ്റുമതി വർധിപ്പിക്കുന്നതിലൂടെയും ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യൂണിയൻ ക്യാബിനറ്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: