ന്യൂദൽഹി: രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള സർക്കാരിന് സാധിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഒരു രാജ്യം ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജിഎസ്ടിക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അവർ പറഞ്ഞു. സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂ റോപ്പ് ഇടനാഴി ലോക വ്യാപാരത്തിൽ നിർണായകമാകുമെന്നു കേന്ദ്ര ധനമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റെതാണെന്നും നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. ജി 20 ഉച്ചകോടി ഇന്ത്യയുടെ ഗരിമ ഉയർത്തി. ഒരു പുതിയ ലോകക്രമത്തിന് തുടക്കമായി. സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞു. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ യാഥാർത്ഥ്യമാക്കാനായി. രണ്ട് കോടി വീടുകളും ഉടൻ യാഥാർത്ഥ്യമാവും. കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: