വടകര: കേരളം സാമ്പത്തികമായി തകരുന്നതിനു പിന്നില്‍ സംസ്ഥാനത്തിന്റെ പിടിപ്പുകേടാണെന്നും പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ പെട്ടിപിടുത്തക്കാരന്റെ റോളാണെന്നും എന്‍ഡിഎ ചെയര്മാന് കെ. സുരേന്ദ്രന്. കേന്ദ്രം അവഗണിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി കഴിഞ്ഞ പത്തുവര്‍ഷം കേന്ദ്രം കേരളത്തിനു നല്കിയ സഹായം മറച്ചുവയ്ക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. വടകര ജനറല്‍ ആശുപത്രിക്ക് മാത്രം 108 കോടി രൂപ കേന്ദ്രം അനുവദിച്ചു. വടകര റെയില്‍വേ സ്റ്റേഷന് ആധുനികവത്ക്കരിച്ചു. കേന്ദ്രം അവഗണിക്കുകയല്ല, പരിഗണിക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്രത്തിന്റെ സഹായം ലഭിച്ചുവെന്ന കാര്യത്തില്‍ യുഡിഎഫിന് വിയോജിപ്പില്ലെങ്കില്‍ അക്കാര്യം നിയമസഭയില്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ പോകുന്നവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനം വൈദ്യുത കുടിശിക പിരിച്ചെടുത്തില്ല, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നു. കപടവിശ്വാസികളാണ് ശബരിമലയില്‍ മാലയൂരി തിരിച്ചുപോയതെന്ന് പറഞ്ഞ ദേവസ്വം മന്ത്രി ശബരിമല തീര്‍ത്ഥാടകരെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടെ പിഎഫ്ഐ പ്രവര്‍ത്തകരെ സിപിഎമ്മും യൂത്തുലീഗും ഏറ്റെടുക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു. മാസപ്പടി വിവാദത്തില്‍, ഭാര്യയുടെ പെന്ഷന് കൊണ്ടാണ് മകള്‍ ബിസിനസ് തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: