മാലെ: മാലദ്വീപ് മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ് പശ്ചിമാഫ്രിക്കയിലെ ഘാനയിലേക്ക് താമസം മാറിയതായി റിപ്പോർട്ട്. പാർലമെൻ്റിനെ അറിയിക്കാതെ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് അദ്ദേഹം വിട്ടുമാറിയെന്നാണ് അഭ്യൂഹങ്ങൾ.
ക്ലൈമറ്റ് വൾനറബിൾ ഫോറത്തിന്റെ (സിവിഎഫ്) സെക്രട്ടറി ജനറലായി പ്രവർത്തിക്കാൻ ഘാനയുടെ തലസ്ഥാനമായ അക്രയിൽ എത്തിയതായി നഷീദ് ചൊവ്വാഴ്ച രാത്രി തന്റെ എക്‌സിൽ കുറിച്ചിട്ടു. നഷീദ് അധികാരത്തിലിരിക്കെ 2009-ൽ സ്ഥാപിതമായതാണ് സിവിഎഫ്, ചൂട് കൂടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ അന്താരാഷ്‌ട്ര പങ്കാളിത്തമാണ് സിവിഎഫ്.
56 കാരനായ നഷീദ് 2008 മുതൽ 2012 വരെ മാലിദ്വീപിന്റെ ആദ്യ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. 2019 മുതൽ 2023 വരെ പാർലമെൻ്റിന്റെ സ്പീക്കറും ആയിരുന്നു. അതേ സമയം ഘാനയിലേക്ക് താൽക്കാലികമായി മാറുന്നതിന് മുമ്പ് നഷീദ് ഇക്കാര്യം അറിയിച്ചില്ലെന്ന് ബുധനാഴ്ച പാർലമെൻ്റ് ഓഫീസ് പറഞ്ഞു. നഷീദ് അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും കാലാവധിയുടെ ശേഷിക്കുന്ന മൂന്ന് മാസത്തേക്ക് ശമ്പളം തുടർന്നും ലഭിക്കുമെന്നും പാർലമെൻ്റ് സെക്രട്ടറി പറഞ്ഞു. സിവിഎഫ് ന്റെ സെക്രട്ടറി ജനറലായി തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കാൻ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിശ്രമം എടുക്കുകയാണെന്ന് നഷീദ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
അതേ സമയം പ്രതിഷേധങ്ങളും ഭരണഘടനാ പ്രതിസന്ധികളും അഴിമതി കുംഭകോണങ്ങളും നിറഞ്ഞതായിരുന്നു നഷീദിന്റെ പ്രസിഡൻ്റ് പദവി. 2012-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പ്രസിഡൻ്റ് സ്ഥാനം നീക്കം ചെയ്യുകയും പിന്നീട് തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി 13 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. അന്താരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: