കോട്ടയം: കെഎസ്ആര്‍ടിസിയില്‍ പെന്ഷന് വീണ്ടും മുടങ്ങി. രണ്ട് മാസത്തെ പെന്‍ഷനാണ് കെഎസ്ആര്‍ടിസിയില്‍നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കാനുള്ളത്. സംസ്ഥാനത്തെ 42,200 പെന്‍ഷന്‍കാരും കുടുംബവും ഇതോടെ ദുരിതത്തിലായി. സഹകരണ ബാങ്കുകള്‍ വഴി എല്ലാമാസവും അഞ്ചിന് നല്‍കേണ്ട പെന്‍ഷനാണ് മുടങ്ങിയത്.
പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക കെഎസ്ആര്‍ടിസി ഇതുവരേയും കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാറുടെ ഓഫീസിലേക്ക് അയച്ചിട്ടില്ല. പെന്ഷന് കിട്ടാന്‍ ഇനിയും വൈകും. 66.54 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്കായി നീക്കിവയ്ക്കുന്നത്.
7-8 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം. മണ്ഡല-മകരവിളക്ക് കാലത്ത് വരുമാനത്തില്‍ റെക്കോഡ് നേട്ടവും കെഎസ്ആര്‍ടിസി കൈവരിച്ചിരുന്നു. ഈ സാഹചര്യത്തിലും പെന്ഷന് നല്‍കാതെ പട്ടിണിക്കിടുകയാണെന്ന് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍നിന്ന് ചാര്‍ജ്മാനായി വിരമിച്ച ഇറഞ്ഞാല്‍ സ്വദേശി ഗംഗാധരന് നായര്‍ എം.കെ. ജന്മഭൂമിയോട് പറഞ്ഞു.
പ്രതിമാസം പതിനായിരത്തോളം രൂപ മരുന്നിന് തന്നെ വേണം. മുമ്പ് സ്ട്രോക്ക് വന്നിരുന്നു. 78 വയസായി. മറ്റു വരുമാന മാര്‍ഗമില്ല. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഭൂരിഭാഗം പേരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. മരുന്ന് വാങ്ങാന്‍ പോലും കാശില്ല. സമരം ചെയ്തും കേസിന് പോയും മടുത്തു. കെ.ബി. ഗണേഷ്കുമാര് ഗതാഗതമന്ത്രിയായി ചുമതലയേറ്റപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതും അസ്തമിച്ചു, അദ്ദേഹം പറഞ്ഞു.
പെന്ഷന് മാസാദ്യം തന്നെ മുടങ്ങാതെ നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കെഎസ്ആര്‍ടിസി പെന്ഷന് ഇനി മുടങ്ങില്ലെന്ന ഉറപ്പും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിയില്‍ മാത്രം പെന്ഷന് മുടങ്ങലും ജീവനക്കാര്‍ക്ക് ശമ്പളം വൈകലും ഇപ്പോഴും തുടര്‍ക്കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: