തിരുവനന്തപുരം: മകള്‍ വീണയ്ക്കും കമ്പനിക്കുമെതിരായ ആരോപണങ്ങള്‍ വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്ഷന് തുക ഉപയോഗപ്പെടുത്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി. തനിക്ക് കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കാനില്ല.
മുന്‍പ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങളെങ്കില്‍ ഇപ്പോള്‍ മകള്‍ക്കെതിരെ ആയി. ബിരിയാണി ചെമ്പെന്നൊക്കെ മുന്‍പ് പറഞ്ഞതടക്കം ഒന്നും നമ്മളെ ഏശില്ലെന്നും പിണറായി പറഞ്ഞു. അതേസമയം മകള്‍ക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ധനകാര്യ കമ്മീഷന് ശുപാര്‍ശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നതെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭരണാധികാരികള്‍ മത ചടങ്ങില്‍ പങ്കെടുക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെ പരോക്ഷമായി സൂചിപ്പിച്ച് പിണറായി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തിടുക്കത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെ എങ്ങനെ ദുര്‍ബലപ്പെടുത്താം എന്ന ചിന്തയിലാണ് പ്രതിപക്ഷം. വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുമുള്ള അവകാശമുണ്ട്. എന്നാല്‍ ആരോപണങ്ങളുമായി അസത്യങ്ങളുടെ ഘോഷയാത്രയുമായി നിങ്ങള്‍ നടത്തുന്ന പടപ്പുറപ്പാട് ആരെ തൃപ്തിപ്പെടുത്താന്‍ ഉള്ളതാണെന്ന് നിങ്ങള്‍ തന്നെ ആലോചിക്കണം.
സംസ്ഥാനത്ത് തനത് നികുതി വരുമാനത്തില്‍ വളര്‍ച്ച ഉണ്ടായി. സംസ്ഥാന സര്‍ക്കാര്‍ ചിലവില്‍ മിത വ്യയം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: