അങ്കമാലി: കുടുംബവഴക്കിനെ തുടർന്ന് സഹോദരനെയും ഭാര്യയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ. മറ്റ് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷയിൻമേലുള്ള വാദം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. 2018 ഫെബ്രുവരി 11-നാണ് അങ്കമാലി മൂക്കന്നൂരിൽ കൂട്ടക്കൊല നടന്നത്. സഹോദരനായ ശിവൻ, ശിവന്റെ ഭാര്യ വത്സല, മകൾ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ബാബു സഹോദരനെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട മൂന്നുപേരിൽ ഒരാളായ വൽസലയുടെ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരേയും ബാബു വെട്ടിപ്പരിക്കേൽപ്പിച്ചു.
ബാബുവിന്റെ ജയിലിലെ നല്ല നടപ്പും മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നതും പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. അതേസമയം ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: