മനുഷ്യമനഃസാക്ഷിയെ നടുക്കിയ ആലപ്പുഴ രണ്‍ജീത് ശ്രീനിവാസന് വധക്കേസില്‍ പ്രതികളായ പതിനഞ്ച് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ക്ക് വധശിക്ഷനല്‍കിയ വിചാരണക്കോടതിയുടെ വിധി അത്യന്തം സ്വാഗതാര്‍ഹവും അങ്ങേയറ്റം മാതൃകാപരവുമാണ്. നിയമവാഴ്ചയിലുള്ള പൗരന്മാരുടെ വിശ്വാസം ഈ വിധി അരക്കിട്ടുറപ്പിക്കുന്നു. ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ഇത്രയേറെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്ത പ്രതികള്‍ക്കും കോടതി വധശിക്ഷതന്നെ നല്‍കിയത് ശ്രദ്ധേയമാണ്. ഒന്നിലധികം പേര് സംഘം ചേര്‍ന്ന് കൃത്യമായ ഉദ്ദേശ്യത്തോടെ നടത്തുന്ന കൊലപാതകത്തില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും അല്ലാത്തവരുമെന്ന വേര്‍തിരിവ് ബാധകമല്ലെന്ന ശിക്ഷാനിയമത്തിലെ വകുപ്പനുസരിച്ചാണിത്. വിചാരണയ്ക്കുശേഷം രോഗബാധിതനായ ഈ കേസിലെ പത്താം പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാള്‍ക്കും വധശിക്ഷതന്നെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ അംഗങ്ങളായ പ്രതികള്‍ രാഷ്ട്രീയ ശത്രുക്കളെ കൊല്ലാന്‍ അവരുടെ പട്ടിക തയ്യാറാക്കിവച്ചിരുന്നു എന്ന പ്രോസിക്യൂഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോടതി ഈ വാദം നിരസിക്കുകയായിരുന്നു. ഇരയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് കൊല നടത്താനുള്ള തീയതി വരെ തീരുമാനിച്ച കേസാണിതെന്ന് കണ്ടെത്തിയാണ് പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്കാന് കോടതി തീരുമാനിച്ചത്.
ചെകുത്താന്മാര് പോലും അറയ്ക്കുന്ന പൈശാചിക കൃത്യമാണ് മതഭീകരവാദം തലയ്ക്കുപിടിച്ച ഒരുപറ്റം ചെന്നായ്ക്കള്‍ 2021 ഡിസംബര്‍ പത്തൊന്പതിന് ചെയ്തത്. ബിജെപി ഒബിസി മോര്‍ച്ചയുടെ സംസ്ഥാന നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ പുലര്‍ച്ചെ സംഘം ചേര്‍ന്നെത്തി വീട്ടില്‍ അതിക്രമിച്ചു കയറി സ്വന്തം അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് അരുംകൊല ചെയ്തത്. ഇരുമ്പുകൂടംകൊണ്ട് തല തകര്‍ത്തതിനാല്‍ തല്‍ക്ഷണം മരണമടയുകയായിരുന്നു. തടുക്കാന്‍ ചെന്ന വൃദ്ധമാതാവിനും മര്‍ദ്ദനമേറ്റു. കുറെക്കാലമായി ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ സംഘര്‍ഷം കുത്തിപ്പൊക്കുകയായിരുന്നു. അക്രമാസക്തമായ പ്രകടനങ്ങളും കൊലവെറി മുദ്രാവാക്യങ്ങളും മുഴക്കിയ ഇവര്‍ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടി. അരിയും മലരും കുന്തിരിക്കവുമൊക്കെ കരുതിവച്ചുകൊള്ളണമെന്നും, നിങ്ങളുടെയൊക്കെ കാലന്മാര് വരുന്നുണ്ടെന്നും കൊച്ചുകുട്ടികളെക്കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിച്ചത് നാട്ടിലെമ്പാടും ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായാണ് രണ്‍ജീത് ശ്രീനിവാസനെ കൊലചെയ്തതും. തങ്ങള്‍ക്ക് കൊലപ്പെടുത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍-അവരുടെ വീടുകളിലേക്കുള്ള വഴിയും ബന്ധുക്കളെക്കുറിച്ചും മറ്റും- ശേഖരിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിച്ച് ഭീതി വിതയ്ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഈ മതഭ്രാന്തന്മാര് ശ്രീനിവാസന്റെ ജീവനെടുത്തത്.
ഇതരമതസ്ഥര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുകയും, നിയമവാഴ്ചയെ അംഗീകരിക്കാത്തവരുമായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ മതഭീകരരെ തുടക്കത്തില്‍ തന്നെ നിലയ്ക്കുനിര്‍ത്തിയിരുന്നെങ്കില്‍ ഈ അരുംകൊല സംഭവിക്കില്ലായിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരതന്നെ ഇവര്‍ നടത്തിയിട്ടും പോലീസ് ഇവര്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നു. സര്‍ക്കാരിനു നേതൃത്വം നല്കുന്ന സിപിഎമ്മില്‍ നുഴഞ്ഞുകയറിയ ഈ ഭീകരര്‍ ആ പാര്‍ട്ടിയുടെ പല നേതാക്കളെയും വിലക്കെടുക്കുന്ന സ്ഥിതി വന്നു. തൊടുപുഴയില്‍ ജോസഫ് മാഷിന്റെ കൈവെട്ടിയതുള്‍പ്പെടെ മതപരമായ ശിക്ഷകള്‍ രാഷ്ട്രീയ സംഘട്ടനങ്ങളായി കാണുകയാണ് സിപിഎമ്മും മറ്റും ചെയ്തത്. ഇത് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുകയും, അരുംകൊലകളുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്തു. തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ നേരിടാന്‍ ഇസ്ലാമിക ഭീകരവാദികളെ പിന്തുണയ്ക്കുന്ന നയം സിപിഎം സ്വീകരിച്ചു. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരാണെങ്കിലും ഇവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും വലിയ പങ്കുണ്ട്. ഇവര്‍ നയം മാറ്റിയില്ലെങ്കില്‍ ഇനിയും ആപത്തുകള്‍ ക്ഷണിച്ചുവരുത്തും. ഏതായാലും ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ ഒന്നൊഴിയാതെ ശിക്ഷിക്കപ്പെട്ടത് മതഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള കരുത്ത് പകരും. രണ്‍ജീത്തിന്റെ ആത്മാവിനോട് ഈ വിധി നീതി പുലര്‍ത്തുന്നു. ആ കുടുംബത്തിന്റെ തീരാവേദനയ്ക്ക് ആശ്വാസമേകും. പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഈ സംഘടന പ്രവര്‍ത്തിക്കുന്നത് നിസ്സാരമായി കാണാനാവില്ല. ഇവര്‍ക്കെതിരായ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: