Categories: KeralaThrissur

സൈബര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു; തൃശൂരിൽ മാത്രം188 കേസുകള്‍ /2023, കെണിയിൽപ്പെടുന്നത് 18 നും 35 വയസ്സിനും ഇടയിലുള്ള സ്ത്രീകൾ

Published by

തൃശൂര്‍: ജില്ലയില്‍ സൈബര്‍ ക്രൈം കേസുകള്‍ വര്‍ദ്ധിക്കുന്നു. 2023ല്‍ 188 സൈബര്‍ ക്രൈം കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോടും പങ്കുവയ്‌ക്കാന്‍ പാടില്ലാത്ത ഒടിപി, സിവിവി പോലുള്ള സെക്യൂരിറ്റി കോഡുകള്‍ കൈക്കലാക്കിയാണ് തട്ടിപ്പുകളേറെയും. 18 നും 35 വയസ്സിനും ഇടയിലുള്ള സ്ത്രീകളാണ് കൂടുതലും സൈബര്‍ കെണിയിലകപ്പെട്ടിരിക്കുന്നത്. 2021- 55, 2022- 70 സൈബര്‍ ക്രൈം കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

2021, 2022 വര്‍ഷങ്ങളിലും സ്ത്രീകളാണ് സൈബര്‍ തട്ടിപ്പില്‍ അകപ്പെട്ടിരിക്കുന്നതില്‍ അധികവും. അതേസമയം കുട്ടികളും സൈബര്‍ തട്ടിപ്പുകളില്‍ അകപ്പെടുന്നത് പതിവായിരിക്കുകയാണെന്ന് സൈബര്‍ വിംഗ് ഉദ്യോഗസ്ഥര്‍ പറയുന്നു. രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

തട്ടിപ്പ് വരുന്ന വഴി

വാട്ട്‌സ്ആപ്പില്‍ വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം ചോര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള തട്ടിപ്പുകളും കണ്ടുവരുന്നുണ്ട്. ഷെയര്‍ ട്രേഡിങ്ങില്‍ സഹായിക്കാമെന്ന വ്യാജേനയും സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്.

ട്രേഡിംഗ് ആപ്പുകള്‍ എന്ന വ്യാജേന തട്ടിപ്പ് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ഇതില്‍ അക്കൗണ്ട് തുറന്ന ശേഷം കച്ചവടം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടക്കത്തില്‍ ചെറിയ ലാഭം ലഭിക്കുങ്കെിലും വിശ്വസിച്ച് കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ ആ പണം നഷ്ടമാകുമെന്നും മുന്നറിയിപ്പുണ്ട്.

കെഎസ്ഇബി ബില്ല് ഉടന്‍ അടയ്‌ക്കണമെന്നും അല്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്നും പറഞ്ഞ് ഫോണിലേക്ക് സന്ദേശം വരുന്നു. പിന്നാലെ കെഎസ്ഇബി എനി ഡെസ്‌ക്ക് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വേഗത്തില്‍ തുക അടയ്‌ക്കാമെന്ന നിര്‍ദ്ദേശവും ലഭിച്ചു. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സ്‌ക്രീനില്‍ ചെയ്യുന്നതെല്ലാം വിളിച്ചവര്‍ക്ക് കാണാന്‍ സാധിക്കും. ഇത്തരത്തില്‍ അക്കൗണ്ട് വിവരങ്ങളെല്ലാം മനസ്സിലാക്കി പണം നഷ്ടപ്പെട്ടവരും ജില്ലയിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by