ന്യൂദല്‍ഹി : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച കോടതിവിധി, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ഹീനമായ കൊലപാതകമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നിരപരാധിയായ ഒരു മനുഷ്യനെ കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയ നരാധമന്മാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് വധശിക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ മനസിലാക്കണം.
കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ മത ഭീകരവാദികള്‍ക്ക് തണലൊരുക്കുകയാണ്. ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ തന്നെ പിഎഫ്‌ഐയ്‌ക്കെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ രണ്‍ജീത്തിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ‘അരിയും മലരും കുന്തിരിക്കവും വാങ്ങിക്കോ’ എന്ന് മതഭീകരവാദികള്‍ ഇതര മതസ്ഥരെ ഭീഷണിപ്പെടുത്തില്ലായിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ പിഎഫ്‌ഐക്കെതിരെ നടപടിയെടുക്കുമ്പോഴും കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ ഭീകരസംഘടനയ്‌ക്ക് തണലേകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. മതഭീകരവാദത്തെ നിസാരവല്‍ക്കരിക്കുന്നതിന് വലിയവില കൊടുക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും കേരളം തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: