കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ തെക്കേ നടയിലെ കുരുംബാമ്മ വിഗ്രഹം തകര്‍ക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുന:പ്രതിഷ്ഠ വൈകുന്നു. കഴിഞ്ഞവര്‍ഷം ജനുവരി 24ന് രാത്രിയിലാണ് ഈ വിഗ്രഹം തകര്‍ക്കപ്പെട്ടത്.
മനോവിഭ്രാന്തിയുള്ള ഒരാളാണ് ഇതിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നീക്കം ചെയ്യപ്പെട്ട വിഗ്രഹത്തിന്റെ ശിരസ്സ് താല്‍ക്കാലികമായി സ്ഥാപിച്ച് താന്ത്രിക ക്രിയകള്‍ നടത്തിയെങ്കിലും പുതിയ വിഗ്രഹം സ്ഥാപിക്കുവാന്‍ ദേവസ്വം ബോർഡ് അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
പുതിയതായി നിര്‍മ്മിച്ച ശിലാവിഗ്രഹം രണ്ടു മാസത്തോളം മുമ്പെത്തിച്ചെങ്കിലും പുനപ്രതിഷ്ഠ എന്നു നടത്തുമെന്ന് വ്യക്തമല്ല. ഉത്തരായണത്തില്‍ പുനപ്രതിഷ്ഠ നടത്തുമെന്നാണ് ഭക്തര്‍ കരുതിയിരുന്നത്. ഉത്തരായണം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഭക്തര്‍ പറയുന്നു.
ഇക്കഴിഞ്ഞ താലപ്പൊലി മഹോത്സവത്തിലെ മൂന്നാം നാള്‍ ഇവിടെ ഗുരുതി നടത്തിയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഇവിടെ നടത്തുന്ന ഗുരുതിക്കു മുമ്പായെങ്കിലും വിഗ്രഹം മാറ്റി സ്ഥാപിക്കുമെന്ന് കരുതിയിരുന്ന ഭക്തര്‍ അധികൃതരുടെ അനാസ്ഥയില്‍ അമര്‍ഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: