തിരുവനന്തപുരം : സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ആക്രമണം നടത്തിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട്ടിലെത്തി പിടികൂടിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പോലീസ് നല്‍കിയതെന്ന് മുഖ്യമന്ത്രി. കന്റോണ്‍മെന്റ് എസ്ഐ ദില്‍ജിത്താണ് സിആര്‍പിസി 41 എ പ്രകാരമുള്ള നോട്ടിസ് നല്‍കിയത്. എന്നാല്‍ ഇത് പിടിയിലായി മണിക്കൂറുകള്‍ക്ക് ശേഷമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു. ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 9ന്് പുലര്‍ച്ചെ അഞ്ചിനാണ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തി കന്റോണ്‍മെന്റ് പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടിയത്. മണിക്കൂറുകള്‍ക്ക് ശേഷം അന്ന് തന്നെ 9.30നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഒരു കേസില്‍ സംശയിക്കപ്പെടുന്നയാളെയോ, പ്രതിയെയോ ചോദ്യം ചെയ്യാനാണ് സിആര്‍പിസി 41 എ പ്രകാരമുള്ള നോട്ടിസ് നല്‍കുന്നതെന്ന് ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ പരാതിയോ, വിശ്വസനീയമായ വിവരമോ ലഭിക്കുമ്പോഴും അറസ്റ്റ് ആവശ്യമില്ലാതിരിക്കുമ്പോഴുമാണു 41 എ നോട്ടിസ് നല്‍കുക.
തനിക്കു ഹാജരാകാനുള്ള നോട്ടിസ് നല്കിയതു സ്റ്റേഷനില്‍ വച്ചാണെന്നും നടപടിക്രമം പാലിച്ചില്ലെന്നും രാഹുല്‍ കോടതിയില്‍ ഹാജരാക്കവേ അറിയിച്ചിരുന്നു. ഇക്കാര്യം ശരിവെയ്ക്കുന്നതാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ മറുപടിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: