കണ്ണൂര്‍: ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട്, ജനഹൃദയങ്ങളിലൂടെ കേരള പദയാത്ര മുന്നേറുന്നു. ഇന്നലെ കണ്ണൂരില്‍ കടലോര ജനതയ്ക്കൊപ്പമായിരുന്നു യാത്രാ നായകന് ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്. ജനങ്ങളുടെ ആവലാതികള്‍ കേട്ടു, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, അവരിലൊരാളായി പ്രശ്ന പരിഹാരത്തിനൊപ്പമുണ്ടാകുമെന്ന് ഉറപ്പും കൊടുത്തു.
കേരള പദയാത്രയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടെന്നും പദയാത്ര കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ‘കേരള പദയാത്ര’ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലതല സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കു പദയാത്രയില്‍ വലിയ പ്രതീക്ഷയുണ്ട്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികള്‍ നാടിനെ തകര്‍ക്കുന്നു. ഗവര്‍ണര്‍ക്കു പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സംസ്ഥാനമായി കേരളം. കേരളം ഭരിക്കുന്നത് അധമ രാഷ്ട്രീയക്കാരാണ്. ഭരണകൂടം സുഖിക്കുമ്പോള്‍ ജനം കഷ്ടപ്പെടുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സ്ഥിതി ഭിന്നമല്ല. നല്ലയാളുകള്‍ക്ക് അധികകാലം കോണ്‍ഗ്രസില്‍ തുടരാനാകില്ല. ബിഹാറിലേത് അടര്‍ത്തിയെടുത്തതല്ല. അടര്‍ന്നു വന്നതാണ്. അതു കേരളത്തിലും മറ്റെവിടെയും നാളെ സംഭവിക്കാം, സുരേഷ് ഗോപി പറഞ്ഞു.
ആര്‍ക്കെതിരേയും കേസെടുക്കുന്ന സര്‍ക്കാരാണിത്. കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാകില്ല. കോണ്‍ഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിനു വേണ്ടി ലോകത്തിനെന്തു സംഭാവന ചെയ്തെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സര്‍ക്കാരാണിത്, തുല്യതയ്ക്കു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍. സ്ത്രീസമത്വം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു എംഎല്‍എ പോലുമില്ലാത്ത കേരളത്തില്‍ മാത്രം കോടികളാണ് എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചത്. പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകരുടെ അക്കൗണ്ടില്‍ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നല്കി, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് സി. രഘുനാഥ് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: