കല്‍പ്പറ്റ: മോദിയുടെ ഗാരന്റി പുതിയ കേരളം എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തുന്ന കേരള പദയാത്ര ഇന്ന് വയനാട്ടില്‍. ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍നിന്ന് മുട്ടിലിലേക്കാണ് പദയാത്ര. പദയാത്രയെ ബിജെപി എന്‍ഡിഎ സംസ്ഥാന, ജില്ലാ നേതാക്കളടക്കം ആയിരങ്ങള്‍ യാത്രയെ അനുഗമിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ കെ. സദാനന്ദന്‍, സജി ശങ്കര്‍, പി.ജി. ആനന്ദകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ശ്രീനിവാസന്‍, പ്രശാന്ത് മലവയല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
അതേസമയം കേരള പദയാത്രയ്‌ക്ക് കണ്ണൂരില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ഇന്നലെ രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് സുരേന്ദ്രന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്.
തയ്യില്‍ കടപ്പുറത്തെ പ്രവര്‍ത്തകരോടൊപ്പമായിരുന്നു സുരേന്ദ്രന്റെ പ്രാതല്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പരിപാടിയിലും സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും ജാഥാനായകന്‍ സന്ദര്‍ശിച്ചു. വൈകിട്ട് മൂന്ന് മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ നടന്ന മഹാ സമ്മേളനം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പേര്‍ അണിനിരന്ന കേരള പദയാത്ര ജനങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി എട്ട് മണിയോടെ പുതിയതെരുവില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: