സാമാന്യ സമ്പത്തുകളേക്കാള്‍ ആദ്ധ്യാത്മിക ശക്തിസമ്പത്തിന്റെ മഹിമ കൂടുതലാണെന്നതുപോലെ തന്നെ പുരുഷാര്‍ത്ഥങ്ങളില്‍ ഏറ്റവും വിലയേറിയതാണ് ആദ്ധ്യാത്മിക പുരുഷാര്‍ത്ഥം. ധനം, ബുദ്ധി, ബലം ഇവയുടെ അടിസ്ഥാനത്തില്‍ അനേകം വ്യക്തികള്‍ ഉന്നതി, സുഖം, ബഹുമാനം ഇവയെല്ലാം നേടിയെടുക്കുന്നു. പക്ഷേ അവരേക്കാള്‍ അനേകമടങ്ങു മഹത്ത്വം ആദ്ധ്യാത്മിക ശക്തി സംഭരിച്ചവര്‍ കൈവരിക്കുന്നു. ഈ ലോകത്തില്‍ ധനവാന്മാരും, വിദ്വാന്മാരും, പ്രഭുക്കന്മാരും, ഗുണവാന്മാരും ധാരാളമുണ്ട്.
എന്നാല്‍ സ്വന്തം ആധ്യാത്മികശക്തി ഉപയോഗിച്ച് ലോകനന്മ ചെയ്ത പുണ്യാത്മാക്കളുമായി അവരെ താരതമ്യപ്പെടുത്താന്‍ സാദ്ധ്യമല്ല. പുരാതന കാലത്തും വിവേകമതികളായ മനുഷ്യര്‍, തങ്ങളുടെ കുട്ടികള്‍ കഠിനമായി അദ്ധ്വാനിച്ച് ജീവിമാര്‍ഗം നടത്താന്‍ കഴിവുള്ളവരും മഹാന്മാര്‍ക്ക് അനുയോജ്യമാംവണ്ണം ക്ലേശംസഹിക്കുന്നവരും ഉത്സാഹമതികളും ക്ഷമാശീലരും തപോനിഷ്ഠരും ആകാന്‍ വേണ്ടി അവരെ ഗുരുകുലത്തില്‍ അയയ്‌ക്കുക പതിവായിരുന്നു.
ലോകത്തില്‍ എപ്പോഴൊക്കെ മഹത്തായ സംഗതികള്‍ സംഭവിക്കുന്നുവോ, അപ്പോഴൊക്കെ അവയുടെ പിന്നില്‍ തപശ്ചര്യയുടെ ശക്തി ഉള്ളതായി തീര്‍ച്ചയായും കാണാം. നമ്മുടെ രാജ്യം ദേവന്മാരുടെയും മനുഷ്യരത്‌നങ്ങളുടെയും രാജ്യമാണ്. നമ്മുടെ ഭാരതഭൂമി ‘സ്വര്‍ഗാദപി ഗരീയസി’ എന്നാണ് പറയപ്പെട്ടു വരുന്നത്. ജ്ഞാനത്തിലും സമ്പത്തിലും വീരപരാക്രമങ്ങളിലും ഈ രാജ്യം എക്കാലവും വിശ്വത്തിന്റെ മകുടമണി ആയിട്ടാണ് നിലകൊണ്ടിട്ടുള്ളത്. ഔന്നത്യത്തിന്റെ ഈ ഉച്ചകോടിയിലെത്തുന്നതിനു നിദാനം ഇവിടുത്തെ ജനങ്ങളുടെ പ്രചണ്ഡമായ തപോനിഷ്ഠയാണ്. അലസരും, ഭോഗലോലുപരും, സ്വാര്‍ത്ഥമതികളും, ദുരാഗ്രഹികളുമായ മനുഷ്യരെ നികൃഷ്ടരായിട്ടാണ് എന്നും ഇവിടെ കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇവിടുത്തെ ജനങ്ങള്‍ തപസ്സിന്റെ മാഹാത്മ്യം മനസ്സിലാക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും, അതിന്റെ ഉപാര്‍ജ്ജനത്തിനുവേണ്ടി അതീവ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഭാരതത്തിന് ‘ജഗദ്ഗുരു ചക്രവര്‍ത്തി’ എന്നും ‘സമ്പദ്‌സമൃദ്ധിയുടെ ഉടമ’ എന്നുമുള്ള ഉന്നതമായ അഭിമാനസ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞത്.
തപസ്സില്‍ അധിഷ്ഠിതമായ സിദ്ധികള്‍
മുന്‍കാലചരിത്രം അവലോകനം ചെയ്താല്‍ ഭാരതത്തിന്റെ ബഹുമുഖമായ വികസനം തപസ്സില്‍ അധിഷ്ഠിതവും അവലംബിതവുമായിരുന്നുവെന്ന് ബോദ്ധ്യമാകും. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് സൃഷ്ടിരചന നടത്തുന്നതിനു മുമ്പായി വിഷ്ണുവിന്റെ നാഭിയില്‍ നിന്നുത്ഭൂതമായ കമല പുഷ്പത്തില്‍ ആസനസ്ഥനായി 100 വര്‍ഷം ഗായത്രി ഉപാസന ആസ്പദമാക്കി തപസ്സ് ചെയ്തു കഴിഞ്ഞപ്പോഴാണ് സൃഷ്ടിരചനയ്‌ക്കും, ജ്ഞാനവിജ്ഞാനോല്പാദനത്തിനും ആവശ്യമായ ശക്തി ലഭിച്ചത്. മാനവധര്‍മ്മത്തിന്റെ ഉപജ്ഞാതാവായ ഭഗവാന്‍ മനു തന്റെ റാണിയായ ശതരൂപയുമൊത്തു അതികഠിനമായ തപസ്സ് ചെയ്തശേഷമാണ് മഹത്ത്വമേറിയ തന്റെ ഉത്തരവാദിത്വം നിറവേറ്റിയത്. ശിവന്‍ സ്വയം തപസ്സിന്റെ രൂപമാണ്. അദ്ദേഹം എപ്പോഴും തപസ്സില്‍ മുഴുകിയിരിക്കുന്നു. ശേഷന്‍ തന്റെ തപോബലം കൊണ്ടാണ് ഭൂമിയെ ശിരസ്സില്‍ വഹിച്ചുകൊണ്ട് നില്ക്കുന്നത്. സപതര്‍ഷികള്‍ തപസ്സിന്റെ മാര്‍ഗത്തില്‍ ദീര്‍ഘകാലം വിചരിച്ചതിന്റെ ഫലമായി അവരുടെ നാമം അനശ്വരമായിത്തീര്‍ന്നു. ദേവഗുരുവായ ബൃഹസ്പതിയും അസുരഗുരുവായ ശുക്രാചാര്യനും തപോബലം കൊണ്ടാണ് തങ്ങളുടെ ശിഷ്യന്മാര്‍ക്ക് നന്മയും, ഉന്നമനവും, ഉചിതമായ ഉപദേശവും, സഫലതയും പ്രദാനം ചെയ്യാന്‍ സമര്‍ത്ഥരായത്.
പുതിയ സൃഷ്ടിരചനയ്‌ക്കു തുനിഞ്ഞ വിശ്വാമിത്രന്റെയും രഘുവംശരാജാക്കന്മാരുടെ അനേകം തലമുറകള്‍ക്ക് മാര്‍ഗദര്‍ശനം നല്കിയ വസിഷ്ഠന്റെയും കഴിവും സിദ്ധിയും തപസ്സില്‍ അധിഷ്ഠിതമായിരുന്നു. ഒരിക്കല്‍ വിശ്വാമിത്ര രാജാവ് സൈന്യസമേതം വനത്തിലെത്തിയപ്പോള്‍, തന്റെ പക്കല്‍ സാധനസാമഗ്രികളൊന്നും ഇല്ലായിരുന്നിട്ടും വസിഷ്ഠമുനി മുഴുവന്‍ സൈന്യത്തിനും സമുചിതമായ അതിഥി സല്ക്കാരം ചെയ്തതു കണ്ട് വിശ്വാമിത്രരാജാവ് ആശ്ചര്യചകിതനായിപ്പോയി. ഏതോ കാരണവശാല്‍, നിരായുധനായ വസിഷ്ഠനും വിശാല സൈന്യസമ്പന്നനായ വിശ്വാമിത്രനും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ വിശ്വാമിത്രന് പരാജയം സ്വീകരിക്കേണ്ടിവന്നു. ‘ധിക്ബലം, ക്ഷത്രിയബലം, ബ്രഹ്മതേജോബലം ബലം’എന്നു ഉദ്‌ഘോഷിച്ചുകൊണ്ടു അദ്ദേഹം രാജപദവി വെടിഞ്ഞ് ശേഷിച്ച ആയുഷ്‌ക്കാലം മുഴുവന്‍ മഹത്ത്വമേറിയ ശക്തിയുടെ തപസ്സിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: