ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ വീണ്ടും ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് വരികയും, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തത് ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസ്സുമായും ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാര്‍ അല്‍പ്പായുസ്സായി തീര്‍ന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ‘ഇന്‍ഡി’ സഖ്യത്തിനു കനത്ത തിരിച്ചടിയാണ്. ജെഡിയുവിന്റെയും നിതീഷിന്റെയും നടപടി ചില മാധ്യമങ്ങള്‍ അവസരവാദമായി മുദ്രകുത്തുന്നുണ്ടെങ്കിലും അതില്‍ വലിയ കഴമ്പൊന്നുമില്ല. ഇതേ നിതീഷ് ഒരുമിച്ച് മത്സരിച്ച് ജയിച്ചശേഷം രൂപീകരിച്ച ബിജെപി പിന്തുണയുള്ള സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ്സിനും ആര്‍ജെഡിക്കുമൊപ്പം പോയത് ആദര്‍ശപരമാണെന്ന് കൊട്ടിഘോഷിച്ചവരാണ് ഇപ്പോള്‍ മറിച്ചുപറയുന്നത്. തങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ നിതീഷ് ആദര്‍ശവാദിയും, ബിജെപിക്കൊപ്പമാണെങ്കില്‍ അവസരവാദിയുമാണെന്നു പറയുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ലല്ലോ. ഇതുതന്നെയാണ് മഹാരാഷ്ട്രയുടെ കാര്യത്തിലും സംഭവിച്ചത്. ബിജെപിയുമായി സഖ്യമുണ്ടാക്കി ഭൂരിപക്ഷം നേടിയ ശിവസേന കോണ്‍ഗ്രസ്സിനൊപ്പം പോയപ്പോള്‍ അതിനെ വാഴ്ത്തിപ്പാടിയവര്‍, ഇതേ ശിവസേനയുടെ ഭൂരിപക്ഷം എംഎല്‍എമാരും പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ നിന്ദിക്കുകയായിരുന്നല്ലോ. ആരെങ്കിലും ബിജെപി വിട്ടുപോയാല്‍ അത് ജനാധിപത്യവും, ആരെങ്കിലും ആ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജനാധിപത്യവിരുദ്ധവുമാകുന്ന രീതിയാണിത്!
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് എന്‍എഡിഎ സര്‍ക്കാരിനായിരുന്നു. ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിനും ആര്‍ജെഡിക്കുമൊപ്പം പോയത് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നിരക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ നിതീഷ് കുമാര്‍ ഇപ്പോള്‍ എന്‍ഡിഎയില്‍ തിരിച്ചെത്തിയിരിക്കുന്നത് ജനവിധിയെ മാനിക്കുന്ന നടപടിയാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ വീണ്ടും അധികാരമേറ്റിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെയും മറ്റും അമര്‍ഷംകൊള്ളിക്കുന്നത് സ്വാഭാവികം. അതിന്റെ നേതാക്കള്‍ അധിക്ഷേപ വാക്കുകള്‍ തെരഞ്ഞെടുത്ത് വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസ്സിനൊപ്പമുള്ള പത്തൊന്‍പത് എംഎല്‍എമാര്‍ എത്രകാലം ഇനി ആ പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്ന് കണ്ടറിയണം. കളി ഇനിയും ബാക്കിയുണ്ടെന്ന് ആര്‍ജെഡി നേതാക്കള്‍ പറയുന്നത് അധികാരം നഷ്ടമായതിന്റെ നിരാശ മറച്ചുപിടിക്കുന്നതിനാണ്. ആരാണ് ഇല്ലാതാവാന്‍ പോകുന്നതെന്ന് അധികം വൈകാതെ അറിയാം. പ്രാദേശിക കക്ഷികളുമായി കൂട്ടുചേര്‍ന്ന് ബിജെപിയെ തോല്‍പ്പിക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് ബിഹാറില്‍ ഒരിക്കല്‍ക്കൂടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത് ശരിക്കും ഇരുട്ടടിയാണ്. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ സ്റ്റാലിനും മറ്റും ആഹ്വാനം ചെയ്യുന്നതിന്റെ പൊള്ളത്തരവും ബിഹാറിലെ അധികാര മാറ്റം തുറന്നുകാട്ടുന്നുണ്ട്. കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിക്കാന്‍ വിടുപണി ചെയ്യുന്ന ഇടതുപാര്‍ട്ടികളും ബിഹാറില്‍ ഭരണകക്ഷികളായിരുന്നു. ഇതിന്റെ പേരില്‍ വലിയ അവകാശവാദമുന്നയിച്ച ഇവരും ഇപ്പോള്‍ നിശ്ശബ്ദരാണ്.
നിതീഷ് എന്‍ഡിഎയില്‍ തിരിച്ചെത്തിയതോടെ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡി’യുടെ നിലനില്‍പ്പുതന്നെ അപകടത്തിലായിരിക്കുകയാണ്. ‘ഇന്‍ഡി’യുടെ കണ്‍വീനറായും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാട്ടിയിരുന്നയാളാണ് നിതീഷ്. ഈ നേതാവാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സഖ്യം വിട്ടിരിക്കുന്നത്. ‘ഇന്‍ഡി’ സഖ്യത്തിന്റെ നേതൃസ്ഥാനം തട്ടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമൊക്കെ ജെഡിയു തുറന്നടിച്ചത് കോണ്‍ഗ്രസ്സിന്റെ അധികാരമോഹമാണ് വെളിപ്പെടുന്നത്. രാഹുല്‍ വീണ്ടും ജോഡോ യാത്ര നടത്തുന്നതിനിടെയാണ് പാര്‍ട്ടിക്ക് പുതിയ പ്രഹരമേറ്റിരിക്കുന്നത്. പശ്ചിമബംഗാളില്‍ ഇന്‍ഡി സഖ്യത്തിനൊപ്പം ഇല്ലെന്ന് മമതാബാനര്‍ജിയും, പഞ്ചാബില്‍ കൂട്ടില്ലെന്ന് എഎപിയും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ബിഹാറില്‍ പ്രതിപക്ഷ സഖ്യംതന്നെ ഇല്ലാതായിരിക്കുന്നത്. നാല്പത് സീറ്റുള്ള ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 ലേറെ സീറ്റും 50 ശതമാനം വോട്ടും നേടി അധികാരത്തുടര്‍ച്ച നിലനിര്‍ത്താനുള്ള ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രമങ്ങള്‍ക്ക് കരുത്ത് പകരും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പാര്‍ട്ടിക്കും സഖ്യത്തിനും 50ശതമാനം വോട്ട് ലഭിച്ചിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തുടര്‍ച്ചയെന്നോണം ബിഹാറിലും ബിജെപിക്ക് ലഭിച്ചിരിക്കുന്ന വ്യക്തമായ മേല്‍കൈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം ഉറപ്പുവരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: