ബാഴ്സലോണ: നിലവിലെ സീസണ് അവസാനിക്കുന്നതോടെ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തുനിന്നും ഒഴിയുമെന്ന് അവരുടെ മുന്‍ താരം കൂടിയായ സാവി ഹെര്‍ണാണ്ടസ്. ലാ ലിഗയില്‍ കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ 5-3ന്റെ തോല്‍വിക്ക് പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം.
സീസണ് അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് സാവി, ക്ലബ് പ്രസിഡന്റ് യൊവാന്‍ ലാപോര്‍ട്ട, സ്പോര്‍ട്ടിംഗ് വൈസ് പ്രസിഡന്റ് റാഫ യൂസ്റ്റ്, ഫുട്ബോള്‍ ഡയറക്ടര്‍ ഡെക്കോ എന്നിവരെ അറിയിച്ചതായി ബാഴ്സ അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.
നേരത്തെ തന്നെ താന്‍ ഈ തീരുമാനമെടുത്തിരുന്നുവെന്നും ഇത് പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് കരുതുന്നതായും സാവി പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയാലും തന്റെ തീരുമാനം മാറില്ലെന്നും സാവി കൂട്ടിച്ചേര്‍ത്തു.
2021 നവംബറിലാണ് സാവി ബാഴ്സയുടെ പരിശീലകസ്ഥാനത്തെത്തുന്നത്. 2022-23 സീസണില്‍ ബാഴ്സയെ ലാ ലിഗ കിരീട ജേതാക്കളാക്കാനും സാവിക്കായിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു സാവിക്ക് പകരം ഹാന്‍സി ഫഌക്ക് ബാഴ്സലോണയുടെ പരിശീലകനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബാഴ്സ പ്രസിഡന്റ് യോവാന്‍ ലാപോര്‍ട്ട മുന്‍ ജര്‍മന്‍ ദേശീയ പരിശീലകനുമായി രഹസ്യ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയെന്നും തുടര്‍ന്ന് 58-കാരന് കരാര്‍ ഒപ്പാടാന് തയാറായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആഴ്സണല്‍ കോച്ച് മൈക്കല്‍ അര്ട്ടെറ്റയുടേതാണ് കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മറ്റൊരു പേര്. തിയാഗോ മോട്ട, ഇമാനുവല്‍ അഗ്വസില് തുടങ്ങിയ പേരുകളും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: