തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നവീകരണം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് പരോക്ഷമായി മറുപടി നല്കി മന്ത്രി മുഹമ്മദ് റിയാസ്.കരാരുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കരാറുകാരനെ മാറ്റിയത് ചില താത്പര്യമുള്ളവര്‍ക്കാണ് ഇഷ്ടപ്പെടാതിരുന്നതെന്ന് മന്ത്രി പറഞ്ഞത് കടകംപളളിയെ ലക്ഷ്യം വച്ചാണെന്ന് വ്യക്തം. റോഡുകള്‍ മാര്‍ച്ച് 31 ഓടെ പൂര്‍ത്തിയാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ട് പിടിപ്പിക്കാന്‍ പറ്റില്ല. റോഡ് നവീകരണം നടത്തണമെന്ന് മാത്രമല്ല, എല്ലാം ഒരുമിച്ച് നടത്തണം. ചിലത് നടത്തി ചിലത് നടത്താതെ പോയാല്‍, ഈ റോഡ് എന്തുകൊണ്ട് നന്നാക്കുന്നില്ല എന്നാകും ചോദിക്കുക.
ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇത് ചിലക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്നമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി. പലവട്ടം തിരുത്താന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരന് പ്രവര്‍ത്തിച്ചത്. കരാര്‍ വീതിച്ചു നല്‍കിയില്ലെങ്കില്‍ പണി പൂര്‍ത്തിയാകില്ലായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നഗരത്തിലെ വികസന പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്നതും റോഡുകളുടെ ദുരാവസ്ഥമൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നതും നഗരസഭയുടെ പോരായ്മയാണ് കാണിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞിരുന്നു. നഗരസഭയുടെ വികസന സെമിനാറില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.
വികസന പദ്ധതികളുടെ ഭാഗമായി റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. മാസങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ടാണ് ജനങ്ങള്‍ നഗരത്തില്‍ കഴിയുന്നത്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗതയില്ലെന്ന പരാതിയുമുണ്ട്.
അടിയന്തരമായി സ്മാര്‍ട്ട് സിറ്റി അമൃത് പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകണം. പദ്ധതികള്‍ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ട്. നഗരസഭയിലെ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിനു ജോലി ചെയ്യുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: