കുവൈത്ത് സിറ്റി : പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഫാമിലി വിസ ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി കുവൈത്ത്. പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ക്ക് അപേക്ഷകള്‍ നല്കി തുടങ്ങാം. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്. കുടുംബ വിസാ നടപടികള്‍ പുനരാരംഭിക്കുന്നതായി വ്യാഴാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പുതിയ നിബന്ധന പ്രകാരം അപേക്ഷകര്‍ക്ക് കുറഞ്ഞ ശമ്പള നിരക്ക് 800 ദിനാറും യൂനിവേഴ്സിറ്റി ബിരുദവും നിര്‍ബന്ധമാണ്. കുവൈത്തില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന, കുവൈത്തില്‍ അല്ലെങ്കില്‍ വിദേശത്ത് ജനിച്ച വ്യക്തികളെ (05 വയസ്സ്) , ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റസിഡന്‍സ് അഫയേഴ്സിന്റെ ഡയറക്ടര്‍ ജനറലിന്റെ അംഗീകാരത്തിന് വിധേയമായി, ശമ്പള നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2019ലെ മന്ത്രിതല പ്രമേയം ആര്‍ട്ടിക്കിള്‍ 30ല്‍ അനുശാസിക്കുന്ന തൊഴില്‍ മേഖലയിലുള്ളവര്‍ക്കും ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആര്‍ട്ടിക്കിള്‍ 30 പ്രകാരം യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രഫഷനുകള്‍
- ഗവണ്മെന്റ് മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, വിദഗ്ധര്‍, നിയമ ഗവേഷകര്‍.
- ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടുന്ന മെഡിക്കല്‍ പ്രഫഷനലുകള്‍.
- യൂണിവേഴ്സിറ്റി, കോളേജ്, ഉയര്‍ന്ന ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസര്‍മാര്‍
- സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍,
- അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ മേഖലയിലെ ലബോറട്ടറി അറ്റന്‍ഡന്റുകള്‍.
- സര്‍വകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കള്‍.
- എന്‍ജിനീയര്‍മാര്‍.
- പള്ളികളിലെ ഇമാമുമാര്‍
- സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യ സര്‍വ്വകലാശാലകളിലെയും ലൈബ്രേറിയന്മാര്.
- നഴ്സുമാര്‍, പാരാമെഡിക്കുകള്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര്, സാമൂഹിക സേവന പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍.
- സര്‍ക്കാര്‍ മേഖലയിലെ സാമൂഹിക പ്രവര്‍ത്തകരും മനഃശാസ്ത്രജ്ഞരും.
- പത്രപ്രവര്‍ത്തകര്‍, മാധ്യമ വിദഗ്ധര്‍, ലേഖകര്‍.
- ഫെഡറേഷനുകളിലും ക്ലബ്ബുകളിലും കായിക പരിശീലകരും അത്ലീറ്റുകളും.
- പൈലറ്റുമാരും ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരും.
- ശ്മശാന തയ്യാറെടുപ്പുകള്‍ക്കും സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന പ്രഫഷണലുകള്‍.
പാസ്പോര്‍ട്ട്, സിവില്‍ ഐഡി കോപ്പികള്‍, മാസ ശമ്പളം വ്യക്തമാക്കുന്ന വര്‍ക്ക് പെര്‍മിറ്റ് കോപ്പി, അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയവും കുവൈത്തിലെ വിദേശകാര്യമന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ബിരുദ സര്‍ട്ടിഫിക്കറ്റ്, റിലേഷന്ഷിപ് അഫിഡവിറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: