അടുത്തിടെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ എത്തിയ സിനിമയ്‌ക്ക് വേണ്ടത്ര വരവേൽപ്പ് പ്രേക്ഷകരിൽ നിന്നും ലഭിച്ചില്ല. ഫസ്റ്റ് ഷോയ്‌ക്കുശേഷം സിനിമയെ കുറിച്ച് വിമർശനങ്ങളും ഹേറ്റ് ക്യാംപയ്നുകളുമാണ് ഉണ്ടായത്. സിനിമയുടെ കഥയും അതിന്റെ മേക്കിങുമാണ് പലരും സിനിമയെ വിമർശിക്കാൻ കാരണമായത്.
നാടകം കുറച്ച് കൂടി പോളിഷ് ചെയ്ത് സിനിമയാക്കിയതുപോലെയാണ് അനുഭവപ്പെട്ടതെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറഞ്ഞത്. മറ്റ് ചിലരുടെ പരാതി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചൻ ബിൽഡപ്പ് നൽകിയതുപോലുള്ള മാസ് മോഹൻലാലിന്റെ വാലിബനിലൂടെ കാണാൻ സാധിച്ചില്ലെന്നാണ്. നിരവധി ട്രോളുകളും മീമുകളും മലൈക്കോട്ടൈ വാലിബന് നേരെ ഇറങ്ങുന്നുണ്ട്.
അതേസമയം സിനിമയിൽ വളരെ പ്രധാനപ്പെട്ട വേഷം ചെയ്ത ഒരു നടനാണ് ഹരീഷ് പേരടി. മോഹൻലാലിന്റെ വളർത്തച്ഛനായ അയ്യനാരുടെ വേഷമാണ് ഹരീഷ് പേരടി ചെയ്തത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഹരീഷ് പേരടി കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മലൈക്കോട്ടൈ വാലിബനിലെ ഒരു രംഗത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഇത്രയേറെ ഹേറ്റ് ക്യാംപയ്നുകൾ നടന്നിട്ടും സിനിമ കാണാൻ കുടുംബപ്രേക്ഷകർ എത്തുന്നുണ്ടെന്നാണ് ഹരീഷ് പേരടി കുറിച്ചത്. ’43 വർഷത്തെ അഭിനയ ജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയ്ൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്.’
‘കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്. ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്.’
‘ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. പലരും നരസിംഹത്തിലെ മോഹൻലാലിനെ പ്രതീക്ഷിച്ചാണ് മലൈക്കോട്ടൈ വാലിബൻ കാണാൻ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: