കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദ ബോസിന്റെ ഇംഗ്ലീഷ് ചെറുകഥാസമാഹാരം – ‘ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്’ – നൊബേൽ സമ്മാന ജേതാവ് അബ്ദുൾറസാഖ് ഗുർന പ്രകാശനം ചെയ്തു. അഞ്ചുനാൾ നീണ്ട കൊൽക്കത്ത ലിറ്റററി മീറ്റിലായിരുന്നു പുസ്തകപ്രകാശനം. ആനന്ദബോസിലെ എഴുത്തുകാരൻ ഏറെ ചർച്ചാവിഷയമായ സാഹിത്യസംഗമത്തിന്റെ ഉദ്ഘാടനവേദിയിൽ തന്റെ മറ്റു നാലു കൃതികൾ കൂടി അദ്ദേഹം അബ്ദുൾറസാഖ് ഗുർനയ്‌ക്ക് സമ്മാനിച്ചു.
കൊല്ലത്തെ കളക്ടറുടെ ബംഗ്ലാവിനു മുന്നിലെ കുളത്തിൽ വളർന്ന മത്സ്യകുടുംബത്തെ ആസ്പദമാക്കി മുപ്പതു വർഷം മുൻപ് അന്ന് ജില്ലാ കളക്ടറായിരുന്ന എഴുത്തുകാരൻ തന്റെ കുഞ്ഞു മകളോട് പറഞ്ഞ ചില തത്സമയ കഥകളുടെ സമാഹാരമാണിതെന്ന് കഥകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് ആനന്ദബോസ് പറഞ്ഞു.
പ്രശസ്ത കവി ഡോ. എൻ.വി. കൃഷ്ണവാര്യർ താല്പര്യമെടുത്ത് അദ്ദേഹം പത്രാധിപരായ, അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ‘കുങ്കുമം’ വാരികയിൽ പ്രസിദ്ധീകരിച്ച അമ്പത്തിമൂന്ന് കഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപത്തഞ്ചെണ്ണം ആണ് ഗവർണറായി ബംഗാളിലെത്തിയശേഷം ‘ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്’ എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. എൻവി എന്ന ആ പത്രാധിപപ്രതിഭയാണ് തന്നിലെ എഴുത്തുകാരനെ ഉദ്ദീപിപ്പിച്ചതെന്ന് ആനന്ദബോസ് ഓർത്തെടുത്തു.
ഗവർണറുടെ ജന്മസ്ഥലമായ കേരളത്തിലെ ഗ്രാമങ്ങളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ വിശ്വസാഹിത്യവുമായി കൂട്ടിയിണക്കി ഭാവനാത്മക യാത്രയുടെ പാതകളിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന രചനാസമ്പ്രദായമാണ് കഥകളിലുടനീളം ആനന്ദബോസ് അവലംബിച്ചിരിക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ഇപ്പോൾ ബംഗാളിയിലും നോവലുകളും ചെറുകഥകളും കവിതകളുമുൾപ്പെടെ എഴുപതു പുസ്തകങ്ങളടക്കം 350 ൽപ്പരം പ്രസിദ്ധീകരണങ്ങളിൽ നിറഞ്ഞുകവിയുന്നതാണ് ആനന്ദബോസിന്റെ സർഗ്ഗപ്രപഞ്ചം.
ബംഗാൾ വിദ്യാഭ്യാസ മന്ത്രിയും എഴുത്തുകാരനുമായ ബ്രത്യ ബാസു, ബംഗാളിലെ പ്രമുഖ സാഹിത്യ നിരൂപകരായ ഡോ. രാംകുമാർ മുഖോപാധ്യായ, വിനായക് ബന്ദ്യോപാധ്യായ എന്നിവർ ഈ കഥാസമാഹാരത്തെ വിലയിരുത്തി മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.
ഗവർണറായി ചുമതലയേറ്റശേഷവും ഇടതടവില്ലാതെ സാഹിത്യസപര്യ തുടരുന്ന ആനന്ദബോസിന്റെ തിരഞ്ഞെടുത്ത കവിതകൾ പ്രശസ്ത എഴുത്തുകാരൻ നരസിംഹ പ്രസാദ് ഭാദുരിയുടെ നേതൃത്വത്തിൽ എഴുത്തുകാരും പത്രാധിപരും അടങ്ങുന്ന ഒരു സംഘം ഏഴു ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് ‘റെയിൻബോ ലൈൻസ് ‘ എന്ന പേരിൽ പ്രസിദ്ധീകരണത്തിന് തയ്യാറായിക്കഴിഞ്ഞു.
ഒരു വർഷത്തിനിടയിൽ കവിതകൾ, ചെറുകഥകൾ, ലേഖനങ്ങൾ, ഒരു നോവൽ എന്നിവ ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയ 20 പുസ്തകങ്ങളുടെ ശേഖരം തയ്യാറാക്കി വരികയാണ്. ദേശീയ അന്തർദേശീയ തലത്തിൽ സാഹിത്യോത്സവങ്ങളിലും പുസ്തകമേളകളിലും എക്കാലവും പ്രിയങ്കരനായ ഡോ. ബോസിന് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിൽ പലവട്ടം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: