തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. Z+ സുരക്ഷയ്‌ക്ക് സിആർപിഎഫിനെ കൂടി ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശം. സുരക്ഷാക്രമീകരണം തീരുമാനിക്കാൻ നാളെ രാജ്ഭവനിൽ യോഗം ചേരും. ഗവർണർക്കെതിരെ എസ് എഫ് ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമാസക്ത സമരം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് രാജ്ഭവന്റെ സുരക്ഷാ ചുമതല സിആർപിഎഫിന് കേന്ദ്രസർക്കാർ കൈമാറിയത്.
കൊല്ലം നിലമേലിലെ എസ്എഫ്‌ഐ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവർണർ ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 30 അംഗ സിആർപിഎഫ് സംഘം ഗവർണറുടെ സുരക്ഷയ്‌ക്ക് എത്തിയത്. നിലമേലിൽ ഗവർണറുടെ ഒദ്യോഗിക വാഹനത്തിന് നേരെ എഴുപത്തഞ്ചോളം എസ് എഫ് ഐക്കാർ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. ഗവർണ റെ ആക്രമിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് പോലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയത്.
എന്നാൽ പ്രതിക്ഷിച്ചത് പോലെ തന്നെ അക്രമത്തെ ന്യായീകരിച്ചുകൊണ്ടും ഗവർണറെ പരിഹസിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമുണ്ടായി. സിആർപിഎഫ് കേരളം നേരിട്ട് ഭരിക്കുമോയെന്നും, സിആർപിഎഫിന് കേസെടുക്കാൻ അധികാരമുണ്ടോയെന്നുമാണ് മുഖ്യമന്ത്രി അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്.
കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്കും രാജ്ഭവനും പുതുതായി ഏർപ്പെടുത്തിയത്. എസ്പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: