ഇന്ന് തന്റെ അച്ഛന്റെ ഓര്‍മ്മ ദിവസം മുരളി ഗോപി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ഭരത് ഗോപിയുടെ ചിത്രവും അതിന് പിന്നിലെ കഥയും പങ്കുവെക്കുന്നതാണ് മുരളി ഗോപിയുടെ പോസ്റ്റ്. ആ വാക്കുകളിലേക്ക്. ഇന്ന് അച്ഛന്റെ ഓര്‍മ്മദിനം. ഫോട്ടോ എടുക്കുന്നതിലോ അത് ആല്‍ബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛന്‍ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം.1986ഇല്‍, തന്റെ 49ആം വയസ്സില്‍, അച്ഛന്‍ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി.
1990കളുടെ തുടക്കത്തില്‍, എന്റെ ഓര്‍മ്മ ശരിയെങ്കില്‍, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജന്‍ പൊതുവാള്‍ വീട്ടില്‍ വന്ന് പകര്‍ത്തിയ ഫോട്ടോഗ്രാഫുകളില്‍ ഒന്നാണിത്. ‘ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാര്‍?’ അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം. പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവന്‍ ഓര്‍മ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ, ഒരു തിരിഞ്ഞുനോട്ടം.
പിന്നാലെ നിരവധി പേരാണ് കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്. താരങ്ങളും ആരാധകരുമെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തോ…ഇന്നും മായാതെ നില്‍ക്കുന്ന അനുഗ്രഹീത കലാകാരന്‍.. ഹൃദയത്തിന്റെ ഭാഷയില്‍. പ്രണാമം, തബലിസ്റ്റ് അയ്യപ്പനെപ്പോലൊരു കഥാപാത്രം ചെയ്യാന്‍ കരുത്തുള്ള നടന്‍ ഇനി എന്നെങ്കിലും മലയാള സിനിമയില്‍ ഉദയം ചെയ്യുമോ പ്രണാമം, ഇദ്ദേഹത്തെ പോലൊരു നടനെ ഓര്‍ക്കാന്‍ ഒരു ചിത്രത്തിന്റെ ആവശ്യമില്ല, കാരണം ഭാരത് ഗോപി എന്നു കേട്ടാല്‍ എന്റെ മനസ്സില്‍ അദ്ദേഹത്തിന്റെ ഒത്തിരി ജീവനുള്ള കഥാപാത്രങ്ങള്‍ മനസ്സില്‍ ഓടിയെത്തും. കരുത്തുറ്റ ആ മഹാപ്രതിഭയ്‌ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു എന്നിങ്ങനെയാണ് കമന്റുകള്‍.
സ്വയവരത്തിലൂടെയാണ് ഭരത് ഗോപി സിനിമയിലെത്തുന്നത്. പിന്നീട് അടൂരിന്റെ കൊടിയേറ്റത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡായ ഭരത് പുരസ്‌കാരം നേടി ഭരത് ഗോപിയായി മാറുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, പാളങ്ങള്‍, ഓര്‍മ്മയ്‌ക്കായ്, കാറ്റത്തെ കിളിക്കൂട്, ആദാമിന്റെ വാരിയെല്ല്, ചിദംബരം തുടങ്ങി അദ്ദേഹം അനശ്വരമാക്കിയ സിനിമകളും കഥാപാത്രങ്ങളും നിരവധിയാണ്. ദേ ഇങ്ങോട്ട് നോക്കിയേ ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: