തിരുവനന്തപുരം: നിപയും കൊവിഡും അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തിയ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ ഊര്‍ജ്ജം പകര്‍ന്നവരാണ് കേരളത്തിലെ മാധ്യമങ്ങളെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ തിരുത്തലിന്റെ ഭാഷയിലായാല് വലിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്നും അവര്‍ പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്റുമായിരുന്ന ഇ. സോമനാഥിന്റെ രണ്ടാം ഓര്‍മദിന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സംഹാരാത്മകമായ വിമര്‍ശനങ്ങള്‍ ഗുണം ചെയ്യില്ല. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്തുന്നതിലേക്ക് നയിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് മനോധര്‍മ്മമനുസരിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പലപ്പോഴുമില്ല. വലിയ കുറ്റപ്പെടുത്തലുകള്‍ നര്‍മത്തോടെ രസകരമായ ഭാഷയില്‍ പറഞ്ഞാല്‍ വലിയ മുറിവേല്ക്കില്ല. തിരുത്തലിനുള്ള അന്തരീക്ഷം അവിടെ സംജാതമാവുകയും ചെയ്യും. വിമര്‍ശനം അപ്രകാരമായിരിക്കണം. ക്രിയാത്മകമായ വിമര്‍ശനത്തിന് സമൂഹത്തെ മെച്ചപ്പെടുത്താനാവും. ആ അര്‍ത്ഥത്തില്‍ സോമനാഥിന്റെ വിമര്‍ശനങ്ങള്‍ക്കു പ്രസക്തി ഏറെയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിലൂടെ സമൂഹം ചില തിരുത്തലുകള്‍ക്ക് തയ്യാററെടുക്കേണ്ട കാലമാണിതെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമിയില്‍ ആരംഭിക്കുന്ന ഇ. സോമനാഥ് ചെയര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയണ്മെന്റല് ജേണലിസം സ്റ്റഡി’ ചെയറിന്റെ ഉദ്ഘാടനം അമേരിക്കയിലെ ഇന്റര്‍നാഷനല്‍ നെറ്റ്വര്‍ക്ക് ഫോര്‍ കാന്‍സര്‍ റിട്രീറ്റ്മെന്റ് ആന്‍ഡ് റിസര്‍ച് പ്രസിഡന്റ് ഡോ. എം.വി. പിള്ള ഉദ്ഘാടനം ചെയ്തു.
ഉള്ളടക്കവും ഭാഷാശൈലിയും വിലയിരുത്തുമ്പോള്‍ മലയാളപത്രപ്രവര്‍ത്തന രംഗത്തെ മികവുറ്റ കോളമിസ്റ്റായിരുന്നു ഇ. സോമനാഥെന്നു അദ്ദേഹത്തെക്കുറിച്ചുള്ള ‘സോമായനം’ എന്ന ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. പി.സി. വിഷ്ണുനാഥ് എംഎല്‍എ ആദ്യപ്രതി സ്വീകരിച്ചു. കവിയും പത്രപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ അനുസ്മരണ പ്രഭാഷണം നടത്തി.
ഓര്മപുസ്കത്തിന്റെ കവര്‍ പേജിലുള്ള ഇ. സോമനാഥിന്റെ പെയിന്റിങ് കെ.കെ. ശൈലജ, സോമനാഥിന്റെ പത്നി രാധ പി. പണിക്കര്‍ക്കു കൈമാറി. ‘ദ് വീക്ക്’ വാരികയുടെ ചീഫ് ഇലസ്ട്രേറ്റര്‍ ബാര ഭാസ്കരനാണു കവര്‍ ചിത്രം വരച്ചത്. ഇ. സോമനാഥ് ഫ്രറ്റേണിറ്റിയും കേരള മീഡിയ അക്കാദമിയും സംഘടിപ്പിച്ച ചടങ്ങില്‍ ഫ്രറ്റേണിറ്റി ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി, പി.സി. വിഷ്ണുനാഥ് എംഎല്‍എ, കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു, ഫ്രറ്റേണിറ്റി സെക്രട്ടറി സുജിത് നായര്‍, സോമയാനം എഡിറ്റര്‍ എസ്.ആര്. സഞ്ജീവ്, മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്കര്‍, പത്രപ്രവര്‍ത്തക യൂണിയന് ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബു, എന്‍.കെ. ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: