നീലഗിരി (തമിഴ്‌നാട്): തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഹില്‍സ്റ്റേഷനായ ഊട്ടി അതിശൈത്യത്തിലേക്ക്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഞായറാഴ്ച ഏറ്റവും കുറഞ്ഞ താപനില 1.3 ഡിഗ്രി സെല്‍ഷ്യസാണ്. രാത്രിയിലും രാവിലെയും മഞ്ഞ് പൊഴിഞ്ഞുകിടക്കുന്ന മൈതാനങ്ങളുടെയും റോഡുകളുടെയും കാഴ്ച കാണാന്‍ സഞ്ചാരികള്‍ ഏറെ എത്തുന്നുണ്ട്. മിനി കശ്മീര്‍ എന്നാണ് സഞ്ചിരികള്‍ ഇപ്പോള്‍ ഊട്ടിയെ വെളിക്കുന്നത്.
മലയോര ജില്ലയായ നീലഗിരിയില്‍ എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ശൈത്യം അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഈ വര്‍ഷം മഴയും കൊടുങ്കാറ്റിനെയുംതുടര്‍ന്ന് വൈകി ജനുവരി പകുതി പിന്നിട്ടപ്പോഴാണ് ശൈത്യം ആരംഭിച്ചത്. ഊട്ടി നഗരത്തിലും പരിസര പ്രദേശങ്ങളായ കാന്താള്‍, പിങ്കര്‍ പോസ്റ്റ്, തലൈകുന്ത എന്നിവിടങ്ങളിലും മഞ്ഞുമൂടിയ നിലയിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.
ഊട്ടി റേസ്‌കോഴ്സ്, താളിക്കുണ്ട, കന്തല്‍, പിങ്കര്‍പോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ക്ക് മുകളിലും വാഹനങ്ങളും മഞ്ഞ് മൂടിക്കിടക്കുന്നത് സഞ്ചാരികള്‍ക്ക് കൗതുക കാഴ്ച ആയിരുന്നു. എന്നാല്‍ വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളെപ്പോലും മഞ്ഞ് മൂടിയത് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ബുദ്ധിമുട്ടാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ പകലും രാത്രിയും താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുമെന്നാണ് പ്രാദേശിക കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 25 ഡിഗ്രി സെല്‍ഷ്യസാണ് കണക്കാക്കുന്ന കൂടിയ താപനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: