ന്യൂദല്‍ഹി: നീതി വേഗത്തില്‍ ലഭ്യമാകേണ്ടത് ഓരോ പൗരന്റെയും അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീംകോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ നിര്‍മാതാക്കള്‍ സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയില്‍ അധിഷ്ഠിതമായ സ്വതന്ത്രഭാരതമാണ് സ്വപ്നം കണ്ടത്. ഈ തത്വങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതി തുടര്‍ച്ചയായി ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയത് സുപ്രീം കോടതിയാണ്. വ്യക്തിഗത അവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നാഴികക്കല്ലായ വിധി ന്യായങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിന് പുതിയ ദിശാ ബോധം നല്‍കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ മുഴുവന്‍ നീതിന്യായ വ്യവസ്ഥയും നിയന്ത്രിക്കുന്നതും നയിക്കുന്നതും സുപ്രീം കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സുപ്രീം കോടതിയെ വിദൂര ഭാഗങ്ങളില്‍ പ്രാപ്യമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണന ചൂണ്ടിക്കാട്ടുകയും ഇ-കോടതി മിഷന് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. മൂന്നാം ഘട്ടത്തിനുള്ള ഫണ്ട് വിഹിതം രണ്ടാം ഘട്ടത്തേക്കാള്‍ നാലിരട്ടി വര്‍ധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ കോടതികളുടെയും ഡിജിറ്റല്‍വല്‍ക്കരണം ചീഫ് ജസ്റ്റിസ് നേരിട്ടു നിരീക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
കോടതികളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2014നു ശേഷം ഇതുവരെ 7000 കോടിയിലധികം രൂപ നല്‍കിയതായി അറിയിച്ചു. സുപ്രീംകോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിന് കഴിഞ്ഞ ആഴ്ച 800 കോടി രൂപയുടെ അനുമതി നല്‍കിയതായും മോദി സമ്മേളനത്തെ അറിയിച്ചു. സുപ്രീംകോടതി തീരുമാനങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുന്നതിലും സുപ്രീംകോടതി വിധി പ്രാദേശിക ഭാഷയില്‍ പരിഭാഷപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതിലും സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ മറ്റ് കോടതികളിലും സമാനമായ സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
കാലഹരണപ്പെട്ട കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനും ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം തുടങ്ങിയ പുതിയ നിയമനിര്‍മാണങ്ങളിലൂടെ, നിയമ, പോലീസ്, അന്വേഷണ സംവിധാനങ്ങള്‍ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പഴയ നിയമങ്ങളില്‍ നിന്ന് പുതിയ നിയമങ്ങളിലേക്കുള്ള മാറ്റം തടസ്സമില്ലാത്ത തായിരിക്കണം, അത് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നാളത്തെ ഊര്‍ജ്ജസ്വലമായ ഭാരതത്തിന്റെ അടിത്തറയായിരിക്കും. ഇന്ന് രൂപീകരിക്കുന്ന നിയമങ്ങള്‍ ഭാരതത്തിന്റെ ശോഭനമായ ഭാവിയെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജസ്റ്റിസ് എം. ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ നല്‍കിയതിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.
ഡിജിറ്റല്‍ സുപ്രീംകോടതി റിപ്പോര്‍ട്ടുകള്‍ (ഡിജിഎസ്സിആര്), ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീംകോടതിയുടെ പുതിയ വെബ്സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പൗര കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പുതിയ വെബ്സൈറ്റ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്ര നിയമ-നീതി മന്ത്രി അര്ജുന് റാം മേഘ്വാള്, സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഭൂഷണ് രാംകൃഷ്ണ ഗവായ്, അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണി, സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. ആദിഷ് സി. അഗര്‍വാള്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ കുമാര്‍ മിശ്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: