കോഴിക്കോട് : കേരളീയ സമൂഹത്തില്‍ സര്‍ഗാത്മക സമീപനം വളര്‍ന്നു വരേണ്ടതുണ്ടെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി (മിഷ്) യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കില്‍ സര്‍ഗാത്മകതയെ വളര്‍ത്തിക്കൊണ്ടുവരണം. എന്നാല്‍ കേരളത്തില്‍ അതു സംഭവിക്കുന്നില്ല. ജാഗ്രതയുള്ള സമൂഹത്തിനാണ് ജനാധിപത്യ സംവിധാനത്തില്‍ നിയമങ്ങളെക്കാള്‍ കരുത്തുള്ളത്. ഏകീകൃതമായ മനസ്സുകളെ അരക്കിട്ടുറപ്പിക്കാന്‍ കഴിയുന്ന മിഷ് ഭാരതത്തിന് മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുസമദ് സമദാനി എംപി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മിഷ് ചെയര്മാന് പി.വി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. മിഷിന്റെ ലോഗോ മിഷ് വൈസ് ചെയര്മാന് എം.പി. അഹമ്മദ് പ്രകാശനം ചെയ്തു. മേയര്‍ ബീനാ ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡോക്യുമെന്ററി പ്രകാശനം തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. മിഷിന്റെ മുഖ്യ രക്ഷാധികാരി സാമൂതിരി രാജാവിന്റെ സന്ദേശം കൃഷ്ണനുണ്ണി രാജ വായിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ഫാ. ഡോ.ജെയിംസ്, സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി, ഖാസി സഫീര്‍ സഖാഫി, ഡോ.കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, ആര്. ജയന്ത് കുമാര്‍, എന്‍.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
മിഷ് ജനറല്‍ സെക്രട്ടറി പി.കെ. അഹമ്മദ് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വെള്ളരി പ്രാവുകളെ പറത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: