കോട്ടയം: നിത്യേന നിരവധി രോഗികളെത്തുന്ന കോട്ടയം ജന.ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശസ്ത്രക്രിയാ വിഭാഗത്തിലാണ് ഈ ദുരവസ്ഥ. ഒപിയിലും കാഷ്വാലിറ്റിയിലുമായി ഡ്യൂട്ടിയിലുള്ളത് ഒരു ഡോക്ടര്‍ മാത്രം. ശസ്ത്രക്രിയാ വിഭാഗത്തില്‍മാത്രമല്ല ജനറല്‍ ആശുപത്രിയിലെ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല.
ശസ്ത്രക്രിയ വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര് മൂന്ന് വര്‍ഷം തികഞ്ഞപ്പോള്‍ സ്ഥലം മാറിപ്പോയി. പകരം ഒരു ഡോക്ടര്‍ എത്തി. എന്നാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഈ ഡോക്ടര്‍ സ്ഥലം മാറ്റം വാങ്ങിപ്പോയി എന്നാണ് ആക്ഷേപം.
ജന.ആശുപത്രിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓര്‍ത്തോ, ഇഎന്‍ടി വിഭാഗങ്ങളും ഇപ്പോള്‍ കുത്തഴിഞ്ഞ നിലയിലാണ്. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് സ്ഥലം മാറി ഇവിടെയെത്തുന്നത്. ഇവര്‍ അവധിയെടുത്ത് നാട്ടിലേക്കുപോകുന്ന ദിവസങ്ങളില്‍ ചികിത്സയും സ്തംഭിക്കും.
ദിവസേന 150ല്‍ ഏറെ രോഗികളാണ് ശസ്ത്രക്രിയാ വിഭാഗം ഒപിയില്‍ എത്തുന്നത്. കാഷ്വാലിറ്റി ഡ്യൂട്ടിക്ക് ശേഷം ഡോക്ടര്‍ അവധിയെടുത്താല്‍ ശസ്ത്രക്രിയാ ഒപി അടച്ചിടേണ്ട സ്ഥിതി. രോഗികളുടെ എണ്ണം കൂടുതലുള്ള ദിവസം അടിയന്തര ആവശ്യവുമായെത്തുന്നവരെ മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയാണിപ്പോള്‍. തിരക്കുള്ള ദിവസങ്ങളില്‍ അടിയന്തര
ശസ്ത്രക്രിയ ആവശ്യമുള്ളവരെ പരിഗണിച്ച് ബാക്കിയുള്ളവര്‍ക്ക് മറ്റൊരു തീയതി നല്കി മടക്കി അയയ്ക്കുകയാണ്.
കോട്ടയം ജന.ആശുപത്രി കാഷ്വാലിറ്റിയില്‍ പകലും രാത്രിയുമായി ഡ്യൂട്ടി ചെയ്യുന്നത് അഞ്ച് ഡോക്ടര്‍മാരാണ്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നേത്രരോഗ വിഭാഗം ഓപ്പറേഷന് തിയേറ്റര്‍ തുറന്നില്ല. ജന.ആശുപത്രിയില്‍ ഏറ്റവും പ്രശസ്തം നേത്രരോഗ വിഭാഗമാണ്. നേത്രരോഗ വിഭാഗം ഓപ്പറേഷന് തിയേറ്റര്‍ തുറക്കാത്തതാണ് ഇപ്പോള്‍ തിരിച്ചടി. ബദല്‍ സംവിധാനം സജ്ജമാക്കാതെയാണ് ഓപ്പറേഷന് പ്രവര്‍ത്തനം നിര്‍ത്തിയത്. പുതിയ തിയേറ്റര്‍ അണുവിമുക്തമാക്കുന്നതിന്റെ ഒന്നാംഘട്ട പരിശോധന കഴിഞ്ഞു. ഇനി രണ്ട് ഘട്ടം കൂടി ശേഷിക്കുന്നുണ്ട്. നവംബറില്‍ തിയ്യേറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇനിയും കാലതാമസം നേരിടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ആശുപത്രി സൂപ്രണ്ട് സ്ഥലം മാറിപ്പോയതോടെയാണ് ഈ മെല്ലെപ്പോക്ക്.
തിയേറ്റര്‍ തുറക്കും വരെ പകരം സംവിധാനം ഒരുക്കണമെന്ന് കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ശസ്ത്രക്രിയ ആവശ്യമുള്ള വര്‍ക്ക് വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് വൈക്കം ആശുപത്രിയിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഒരു യൂണിറ്റ് മാറ്റുകയും ചെയ്തു. എന്നാല്‍ ഒരു രോഗിയെ പോലും അവിടെ എത്തിച്ച് ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് അറിവ്. ജന.ആശുപത്രിയില്‍ നിന്നുകൊണ്ടുപോയ ഉപകരണങ്ങളുടെ യൂണിറ്റ് തിരിച്ചെത്തിച്ചാലും അണുവിമുക്തമാക്കിയ ശേഷമേ ഉപയോഗിക്കാന്‍ സാധിക്കൂ. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആയിരത്തില്‍ അധികം പേരാണ് നേത്ര ശസ്ത്രക്രിയയ്ക്കായി ജന.ആശുപത്രിയെ ആശ്രയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: