പാരീസ്: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ വിഖ്യാതമായ മൊണാലിസ ചിത്രം ആസ്വദിച്ചു നിന്ന നിരവധി പേര് ഒരു നിമിഷം ഞെട്ടി.
ലവ്റേ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന, ലോകത്തിലെ ഏറ്റവും മൂല്യമേറിയത് എന്നു വിശേഷിപ്പിക്കുന്ന മൊണാലിസ പെയ്ന്റിങ്ങിനു മേല്‍ ഇന്നലെ രണ്ടു പരിസ്ഥിതി വാദികള്‍ വെജിറ്റബിള്‍ സൂപ്പ് ഒഴിച്ചു. ആസ്വാദകര്‍ നോക്കി നില്‍ക്കെയാണ് രണ്ട് സ്ത്രീകള്‍ ഒന്നിലധികം പാത്രങ്ങളില്‍ കരുതിയിരുന്ന സൂപ്പ് ചിത്രത്തിലേക്ക് ആഞ്ഞ് ഒഴിച്ചത്. പ്രത്യേക ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവചത്തില്‍ സംരക്ഷിച്ചിരിക്കുന്നതിനാല് ചിത്രത്തിന് കേടു സംഭവിച്ചില്ല. എണ്ണായിരം കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന പെയ്ന്റിങ്ങാണ് മൊണാലിസ.
ആരോഗ്യകരമായ, മൂല്യമുള്ള ഭക്ഷണ സംവിധാനം വേണം എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചാണ് ചിത്രത്തിലേക്ക് പ്രതിഷേധക്കാര്‍ സൂപ്പ് ഒഴിച്ചത്. പെയ്ന്റിങ്ങിനു മുന്നിലെ ബാരിക്കേഡ് ചാടിക്കടന്നാണ് ഇവര്‍ അടുത്തെത്തിയത്.
ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചിരുന്ന സൂപ്പ് ചിത്രത്തിലേക്ക് ഒഴിക്കുകയായിരുന്നു. പ്രതിഷേധക്കക്കാര് ഫുഡ് റെസ്പോണ്‍സ് എന്ന പരിസ്ഥിതി സംഘടയുടെ പേര് രേഖപ്പെടുത്തിയ വെളുത്ത ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ രണ്ടു സ്ത്രീകളും മൊണാലിസയ്ക്കു മുന്നില്‍ നിന്നു.
ഗ്യാലറിയിലുണ്ടായിരുന്നവര്‍ ഇവരുടെ ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തി. പ്രതിഷേധക്കാരെ തടയാന്‍ ആര്‍ട്ട് മ്യൂസിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതിരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: