മുംബൈ: പ്രശസ്ത പാക് ഗായകന്‍ റാഹത് ഫത്തേ അലി ഖാന്‍ ശിഷ്യനെ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായി. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഫത്തേ അലി ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തി.
ഭീകരം എന്നാണ് ചിന്മയി ഈ സംഭവത്തേക്കുറിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശേഷിപ്പിച്ചത്. ഇവരില്‍ ചിലര്‍ പൊതുസ്ഥലത്ത് സൗമ്യരും മൃദുഭാഷികളുമായ ആത്മാക്കളെപ്പോലെയാണ് പെരുമാറുക. പണ്ട് ക്യാമറകളുണ്ടായിരുന്നെങ്കില്‍ മഹാന്മാര്‍ എന്നു വിളിക്കപ്പെടുന്ന കൂടുതല്‍ പേര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന് തുറന്നുകാട്ടപ്പെടുമായിരുന്നെന്നും ചിന്മയി എഴുതി.
ശിഷ്യനെ അടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനേത്തുടര്‍ന്ന് വിശദീകരണവുമായി ഫത്തേ അലി ഖാന്‍ രംഗത്തെത്തിയിരുന്നു. ശിഷ്യന്‍ ഒരു തെറ്റുചെയ്തത് കണ്ടെത്തിയതാണ് അടിക്കാന്‍ കാരണമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഈ വിശദീകരണത്തേയും ചിന്മയി വിമര്‍ശിച്ചു.
‘അദ്ദേഹം ഇവിടെ പറയുന്ന ന്യായീകരണം, വിദ്യാര്‍ത്ഥികള്‍ നന്നായി ചെയ്യുമ്പോള്‍ ഗുരുക്കന്മാര്‍ അവരോട് സ്‌നേഹം ചൊരിയുന്നു, അവര്‍ തെറ്റ് ചെയ്യുമ്പോള്‍ ശിക്ഷയും തുല്യമാണ് എന്നാണ്.’ ഗുരുക്കന്മാര്‍ അവര്‍ അലങ്കരിക്കുന്ന സ്ഥാനത്തിന്റെ ദിവ്യത്വംകൊണ്ട് സംരക്ഷിക്കപ്പെടുന്നു. അവരുടെ എല്ലാ ലംഘനങ്ങളും, അക്രമം, വൈകാരിക ദുരുപയോഗം മുതല്‍ ലൈംഗിക ദുരുപയോഗം വരെ അവരുടെ ‘കലാവൈഭവം’, ‘പ്രതിഭ’ മുതലായവയ്‌ക്ക് വേണ്ടി ക്ഷമിക്കപ്പെടുന്നു. ഇത് നിര്‍ത്തേണ്ടതുണ്ട്.’ ചിന്മയി കൂട്ടിച്ചേര്‍ത്തു.
വീഡിയോ വൈറലായതിനുപിന്നാലെ തെറ്റ് തന്റെ ഭാഗത്തായിരുന്നെന്ന് പറഞ്ഞ് അടികൊണ്ട വിദ്യാര്‍ത്ഥിയും രംഗത്തെത്തിയിരുന്നു. ഗായകന്റെ പെരുമാറ്റത്തില്‍ മോശമായി ഒന്നുമില്ലെന്നാണ് വിദ്യാര്‍ത്ഥിയുടെ അച്ഛനും പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: